SHARE

സാഫ് കപ്പിൽ കിരീടമുയർത്തിയ ഇന്ത്യൻ ടീം ഇനി നേരിടാനൊരുങ്ങുന്ന പ്രധാന വെല്ലുവിളി ഏഷ്യാ കപ്പ് യോ​ഗ്യതാ മത്സരങ്ങളാണ്. ഫെബ്രുവരി ആ​ദ്യം നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ഈ യോ​ഗ്യതാ പോരാട്ടങ്ങൾ എന്നാൽ ഇപ്പോൾ ജൂണിലേക്ക് മാറ്റിയിരിക്കുകയാണ്. പതിവ് ഹോം,എവേ മത്സരങ്ങൾക്ക് പകരം കേന്ദ്രീകൃത വേദിയിൽ ഒറ്റ പാദ മത്സരങ്ങളാണ് യോ​ഗ്യതാറൗണ്ടിലുണ്ടാകുക.

നാല് ടീമുകളുള്ള ​ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക.റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിലെ ​ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കു. പുറത്തുവരുന്ന സൂചനകളനുസരിച്ച് റാങ്കിങ്ങിൽ പിന്നിലുള്ള ടീമുകളാകും ഇന്ത്യയുടെ ​ഗ്രൂപ്പിലുണ്ടാകുക. ഇതോടെ ​ഗ്രൂപ്പിലെ ഫേവറിറ്റുകൾ ഇന്ത്യയാകും. എന്നാൽ യോ​ഗ്യതാറൗണ്ടിലെ ഈ ഫോർമാറ്റ് മാറ്റം ഇന്ത്യക്ക് അത്ര നല്ലതല്ല എന്നാണ് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മത്സരങ്ങളുടെ എണ്ണം കുറയുന്നത് ​ഗ്രൂപ്പിലെ റാങ്കിങ്ങിൽ പിന്നിലുള്ള ടീമുകളെ തുണയ്ക്കും, മത്സരങ്ങൾ കുറയുന്നതോടെ ആ ടീമുകളുടെ സാധ്യത ഏറുകയാണ്, ​ഗ്രൂപ്പിൽ ഇന്ത്യ തന്നെയാകും ഫേവറിറ്റുകൾ, എന്നാൽ അത് അത്ര എളുപ്പമല്ല, ഏപ്രിൽ, മെയ് മാസത്തിൽ ക്യാംപുകൾ നടത്തി നമ്മൾ തയ്യാറാകേണ്ടതുണ്ട്, സ്റ്റിമാച്ച് പറ‍ഞ്ഞു.

ടീം നന്നായി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പിക്കാനായി ദൈർഘ്യമേറിയ ക്യാംപ് വേണം, ഐഎസ്എൽ അവസാനിച്ചശേഷം സുരക്ഷിതമായ ഒരു സ്ഥലത്ത് ക്യാംപ് സംഘടിപ്പിക്കണം, ഒപ്പം തന്നെ ആവശ്യത്തിന് സൗഹൃദമത്സരങ്ങളും വേണം ഈ ക്വാളിഫയറുകൾക്കായി ഒരുങ്ങാൻ, സ്റ്റിമാച്ച് വ്യക്തമാക്കി.