SHARE

സാഫ് കപ്പിൽ ബം​ഗ്ലാദേശിനോട് സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് വീണ്ടും വിമർശനത്തിന് വിധേയനായിരിക്കുകയാണ്. നേപ്പാളിനെതിരായ മത്സരങ്ങളിലെ മോശം പ്രകടനത്തോടെ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ച സ്റ്റിമാച്ച്ഔട്ട് ഹാഷ്ടാ​ഗുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ബം​ഗ്ലാദേശ് പത്ത് പേരായി ചുരുങ്ങിയിട്ടുപോലും വിജയിക്കാൻ കഴിയാത്തതിൽ സ്റ്റിമാച്ചിന് കടുത്ത നിരാശയുണ്ട്. ഇന്ത്യൻ ടീമിന്റെ പിഴവുകൾ തന്നെയാണ് മത്സരം സമനിലയാകാനുള്ള പ്രധാന കാരണമെന്ന് സ്റ്റിമാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഈ ടീം സ്വയം ഏറ്റുവാങ്ങിയ ശിക്ഷയാണീ സമനില, പലപ്പോഴും കളിക്കാർ തങ്ങളുടെ പരിചയസമ്പത്ത് ഉപയോ​ഗിച്ചില്ല, അത്തരത്തിൽ ഞാൻ ഈ ടീമിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു, മത്സരത്തിൽ ഒട്ടേറെത്തവണ നമ്മൾ പന്ത് വിട്ടുകളഞ്ഞു, അനാവശ്യമായ പരിഭ്രമം ടീമിനുണ്ടായിരുന്നു അതെന്തുകൊണ്ടാണെന്ന് എനിക്ക് വിശദീകരിക്കാനാകുന്നില്ല, അക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്, സ്റ്റിമാച്ച് പറഞ്ഞു.

മത്സരത്തിന്റെ 75 മിനിറ്റും ഇന്ത്യ ഉജ്ജ്വലമായി കളിച്ചു എന്നെനിക്ക് പറയാം, അപ്പോഴവർ നല്ല ഫുട്ബോൾ കാഴ്ചവച്ചു, മികച്ച പാസുകൾ നൽകി, ഒപ്പം പലപ്പോഴും എതിർബോക്സിലേക്കും കടന്നുകയറി, എന്നാൽ അവസാന 15 മിനിറ്റിൽ ടീം സംഘടിതമായിരുന്നില്ല, അവർ അനാവശ്യമായി പന്ത് വിട്ടുനൽകി, ബം​ഗ്ലാദേശിന് കൗണ്ടർ അറ്റാക്കുകൾ നടത്താൽ നമ്മൾ തന്നെ അവസരം നൽകി, അവർ അത് മുതലാക്കുകയും ചെയ്തു, സ്റ്റിമാച്ച് വിശദീകരിച്ചു.

മത്സരത്തിലെ റെഫറി തീരുമാനങ്ങളേയും സ്റ്റിമാച്ച് വിമർശിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യക്ക് ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു, ബെം​ഗ്ലാദേശ് താരത്തിന്റെ കൈയ്യിൽ പന്ത് കൊണ്ടതിന്, എന്നാൽ അത് നൽകിയില്ല, ഇത്തരത്തിൽ പല വിചിത്ര തീരുമാനങ്ങളും റെഫറിയിൽ നിന്നുണ്ടായിരുന്നു, അത് ചിലർക്ക് അനുകൂലമായിരുന്നു, സ്റ്റിമാച്ച് പറഞ്ഞു.