SHARE

ഐ.എസ്.എല്ലിന് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് തുടങ്ങാനിരിക്കുകയാണ്. സൂചനകൾ ശരിയെങ്കിൽ മാർച്ചിൽ ദുബായിയിലാകും ക്യാമ്പ് നടത്തുക. ലോക്ക്ഡൗൺ വന്നതോടെ സ്വന്തം നാടായ ക്രൊയേഷ്യയിൽ തങ്ങുന്ന ദേശീയ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ​ടീമിനെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ്.

ക്രൊയേഷ്യയിലാണെങ്കിലും ഇതുവരെ നടന്ന എല്ലാ ഐ.എസ്.എൽ മത്സരങ്ങളും താൻ കണ്ടെന്നാണ് സ്റ്റിമാച്ച് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസ്.എൽ മത്സരങ്ങൾ കണ്ടതോടെ ദേശീയ ടീമിൽ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനയും സ്റ്റിമാച്ച് നൽകി

ഐ.എസ്.എല്ലിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഹൈദരാബാദ് എഫ്.സിയുടെ കളിയാണെന്ന് സ്റ്റിമാച്ച് പറഞ്ഞു. ഹൈദരാബാദിലെ ഒരുപിടി താരങ്ങൾ തനിക്ക് ഏറെ തൃപ്തി നൽ‍കുന്ന പ്രകടനമാണ് നടത്തിയതെന്നും സ്റ്റിമാച്ച് പറഞ്ഞു. ഈ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും എന്നും അദ്ദേഹം സൂചന നൽകി.

ഫുൾബാക്കുകളായ ആകാശ് മിശ്ര, ആശിഷ് റായ്, സെന്റർ ബാക്ക് ചിങ്ക്ലൻസന സിങ്, മധ്യനിരതാരം മുഹമ്മദ് യാസിർ, വിങ്ങർ ലിസ്റ്റൻ കോളസോ എന്നീ താരങ്ങളുടെ പ്രകടനമാണ് സ്റ്റിമാച്ചിനെ സംതൃപ്തനാക്കിയത്. ബെം​ഗളുരവിന്റെ യുവതാരം സുരേഷ് വാങ്ജവും സ്റ്റിമാച്ചിന്റെ ശ്രദ്ധ പിടിച്ചുപറ്റി.