SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായി ക്രൊയേഷ്യക്കാരനായ ഇ​ഗോർ സ്റ്റിമാച്ച് ചുമതലയേറ്റിട്ട് ഒരു വർഷം കഴിയുന്നു. ടീമിന്റെ പ്രകടനം പരിശോധിച്ചാൽ സ്റ്റിമാച്ചിന് കീഴിൽ പത്ത് മത്സരങ്ങൾ കളിച്ചെങ്കിൽ നേടാനായത് ഒരു ജയം മാത്രമാണ്. എന്നാൽ ഈ ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ ഏറെ മാറ്റങ്ങൾ വന്നുവെന്നാണ് സ്റ്റിമാച്ച് തന്നെ പറയുന്നത്.

ഇന്ത്യൻ പരിശീലകനെന്ന നിലയിൽ എനിക്കിപ്പോൾ കൂടുതൽ ആവേശമുണ്ട്, വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ മാറ്റങ്ങൾ വരുത്താനാകുമെന്ന് നമ്മൾ തെളിയിച്ചു, ലോങ് ബോൾ ​ഗെയിമിൽ നിന്ന് പൊസെഷൻ കേന്ദ്രീകരിച്ചുള്ള ശൈലിയിലേക്ക് ടീം മാറി, ഇത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല, ശൈലി മാറുന്നതോടെ ഏറെ നഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു, എന്നാൽ ഭാവിയിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ ഇതല്ലാതെ ഒരു വഴിയില്ല, ഒരു ഇന്ത്യൻ ഇം​ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്റ്റിമാച്ച് പറഞ്ഞു.

സാങ്കേതികമായി മികവ് പുലർത്തുന്ന ഒരുപിടി യുവതാരങ്ങളെ ടീമിൽ കൊണ്ടുവരാൻ സാധിച്ചു, 18-നും 23-ും ഇടയിൽ പ്രായമുള്ള 25-ഓളം മികച്ച താരങ്ങൾ നമുക്കുണ്ട്, അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ തക്ക ശേഷിയുള്ള ടീമിനെയാണ് വളർത്തിയെടുക്കുന്നത്, സ്റ്റിമാച്ച് കൂട്ടിച്ചേർത്തു.

പരിശീലകനെന്ന നിലയിൽ കഴിഞ്ഞ മത്സരഫലങ്ങളിൽ താൻ തൃപ്തനല്ല എന്നും സ്റ്റിമാച്ച് പറഞ്ഞു. ലോകകപ്പ് യോ​ഗ്യതാ റൗണ്ടുകളിൽ കുറേക്കൂടി പോയിന്റുകൾ നേടാൻ സാധിക്കുമായിരുന്നു, എന്നാൽ തിരഞ്ഞുനോക്കുമ്പോൾ അവസരങ്ങൾ ഉപയോ​ഗിച്ചില്ല എന്ന് പറയേണ്ടിവരും, കരുത്തരായ ഒമാനെതിരായ മത്സരത്തിൽ അവരെ ഞെട്ടിക്കാം എന്നാണ് ഞാൻ കണക്കുകൂട്ടിയിരുന്നത്, എന്നാൽ താരങ്ങളുടെ അനുഭവസമ്പത്തില്ലായ്മും കളിക്കളത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ വന്ന പിഴവും ടീമിന് തിരിച്ചടിയായി, സ്റ്റിമാച്ച് വ്യക്തമാക്കി.