SHARE

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒരു പ്രധാനപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ അമിതമായി ആശ്രയിക്കുന്നതാണ്. 37-ാം വയസിലെത്തിനിൽക്കുമ്പോഴും ഇന്ത്യൻ ടീമിനായി എല്ലാ മത്സരങ്ങളിലും തന്നെ 90 മിനിറ്റും ഛേത്രി കളിക്കേണ്ട അവസ്ഥയാണ്. സമീപകാലത്തെ മത്സരങ്ങളിലെല്ലാം തന്നെ ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതും ഛേത്രിയുടെ ബൂട്ടുകളാണ്.

ഒട്ടേറെ യുവതാരങ്ങളുമായാണ് ഇന്ത്യ സാഫ് കപ്പിന് എത്തിയത്. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരം മാത്രം ജയിച്ച ടീം ഇതുവരെ നേടിയത് രണ്ടേ രണ്ട് ​ഗോളാണ്. ഇതും രണ്ടും ഛേത്രിയുടെ വകയും. ടൂർണമെന്റിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും കൂടുതൽ ​ഗോൾ നേടാനാകാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പറഞ്ഞു. മാലിദ്വീപിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ ​ഗോൾ നേടാനാകാത്തത് ടീമിന്റെ ഒരു പഴയ പ്രശ്നമാണ്, വർഷങ്ങളായി അത് ടീമിനൊപ്പമുണ്ട്, സുനിൽ ഛേത്രിയെപ്പോലെയുള്ള ഒരുപിടി മികച്ച സ്ട്രൈക്കർമാരെ കണ്ടെത്തുന്നതുവരെ ഈ പ്രശ്നം ടീമിനൊപ്പം തുടരും, ​ഗോളടിക്കാൻ ഒരാളെ മാത്രം ആശ്രയിക്കുന്ന ടീമായി തുടരാൻ നമുക്ക് സാധിക്കില്ല, ​ഗോൾമുഖത്ത് കൂടുതൽ ആത്മവിശ്വാസം ഈ ടീം പുലർത്തേണ്ടതുണ്ട്, ഒപ്പം ​എതിർ ബോക്സിൽ ഭയമില്ലാതെ കളിക്കുന്ന താരങ്ങളേയും നമുക്ക് വേണം, സ്റ്റിമാച്ച് പറഞ്ഞു.