SHARE

സാഫ് കപ്പിൽ ശ്രീലങ്കയ്ക്കെതിരെ വഴങ്ങിയ സമനില ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ടൂർണമെന്റിൽ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള, ബം​ഗ്ലാദേശ്,നേപ്പാൾ എന്നിവരോടെ തോറ്റ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ വിജയിച്ചില്ല എന്ന് മാത്രമല്ല ഒരു ​ഗോൾ പോലും നേടിയില്ല എന്നത് ഞെട്ടിക്കുന്നതാണ്.

ബം​ഗ്ലാദേശിന് പിന്നാലെ ശ്രീലങ്കയോടും സമനില വഴങ്ങിയതോടെ സാഫ് കപ്പിൽ ഇന്ത്യയുടെ നില പരുങ്ങലിലായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ പോലും ഇന്ത്യയ്ക്ക് ഇനി ഫൈനലിലേക്ക് മുന്നേറാനാകുമോയെന്നത് സംശയമാണ്. ടൂർണമെന്റിൽ ഇതുവരെ വിജയം നേടാതെ പതറുമ്പോഴും രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ടീം ഇന്ത്യയാണെന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്.

ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ​ഗോളുകളാണ് കാണാൻ കഴിയാത്തത്, ബം​ഗ്ലാദേശിനെതിരെ ​ഗ്രൗണ്ടിൽ മികച്ച ടീം ഇന്ത്യയായിരുന്നു, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും അങ്ങനെ തന്നെ, ഈ രണ്ട് മത്സരങ്ങളും നിയന്ത്രിച്ചതും രണ്ടിലും ആധിപത്യം പുലർത്തിയതും ഇന്ത്യ തന്നെ, സ്റ്റിമാച്ച് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിൽ ശ്രീലങ്ക നല്ല പോരാട്ടം നടത്തിയിരുന്നു, എന്നാൽ ഇന്ത്യക്കെതിരെ ഒന്നുമുണ്ടായില്ല, അതുകൊണ്ട് തന്നെ മത്സരം നമ്മുടെ കൈപ്പിടിയിലായിരുന്നു, പന്തടക്കത്തിലും ​ഗോൾ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളിലുമൊക്കെ ഇന്ത്യ മികച്ചുനിന്നു, പക്ഷെ ​ഗോൾ മാത്രമുണ്ടായില്ല, എനിക്ക് ​​ഗ്രൗണ്ടിലിറങ്ങിച്ചെന്ന് ​ഗോളടിക്കാനാകില്ല, അത് കളിക്കാർ തന്നെ ചെയ്യണം, ശ്രീലങ്കയ്ക്കെതിരെ ​ഗോൾ നേടാൻ കഴിയാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു, സ്കോറിങ് ഒരു പ്രധാന പ്രശ്നമാണ്, ​ഗോൾമുഖത്ത് എന്താണ് ഇന്ത്യൻ താരങ്ങളെ അത്രയേറെ ഭയപ്പെടുത്തുന്നതെന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്, സ്റ്റിമാച്ച് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.