SHARE

ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായത് ഐ.എസ്.എല്ലിന്റെ വരവാണ്. ഫുട്ബോളിന്റെ ജനപ്രീതി ഉയർന്നതിനൊപ്പം ഒട്ടേറെ മികച്ച യുവതാരങ്ങളെ കണ്ടെത്താനും ഐ.എസ്.എൽ സഹായിച്ചു. പല ഇന്ത്യൻ താരങ്ങളേയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയതും ഐ.എസ്.എല്ലാണ്.

വരാനിരിക്കുന്ന ഇന്ത്യൻ ദേശീയ ടീം ക്യാമ്പിലും ഐ.എസ്.എൽ സ്വാധീനമുണ്ടാകുമെന്ന് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് അറിയിച്ചു. എങ്കിൽ കൂ‌ടിയും ഇന്ത്യൻ സ്ട്രൈക്കർമാരുടെ വളർച്ചയ്ക്ക് ഐ.എസ്.എല്ലിന് ഇപ്പോഴും കാര്യമായൊന്നും ചെയ്യാനായില്ലെന്നാണ് സ്റ്റിമാച്ച് പറയുന്നത്.

ഇന്ത്യൻ ദേശീയ ടീമിന്റെ കളിശൈലിയിൽ അത്ഭുതകരമായ പുരോ​ഗതിയുണ്ടായിട്ടുണ്ട്, പന്തടക്കം, പാസിങ് കൃത്യത തുടങ്ങിയ കാര്യങ്ങളൊക്കെ ഏറെ മെച്ചപ്പെട്ടു, എന്നാലും ​ഗോൾ നേടുന്നതിൽ ഈ മാറ്റം വന്നിട്ടില്ല, അതിന് പ്രധാനകാരണം ഐ.എസ്.എൽ ടീമുകളിലൊന്നും ഇന്ത്യൻ സെന്റർ ഫോർവേഡുകൾക്ക് വലിയ സ്ഥാനമില്ലെന്നത് തന്നെ, സ്റ്റിമാച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇക്കാര്യത്തിൽ ഐ.എസ്.എല്ലിനെ പൂർണമായി കുറ്റം പറയാൻ എനിക്കാകില്ല, കാരണം ഓരോ ടീമുകളും ഏറ്റവും മികച്ച മത്സരഫലം മാത്രമാണ് ലക്ഷ്യമിടുന്നത്, ദേശീയ ടീം പരിശീലകനെന്ന നിലയിൽ ഐ.എസ്.എൽ ക്ലബുകളിൽ മത്സരദിന സ്ക്വാഡുകളിൽ നാല് വിദേശികൾ മതിയെന്നാണ് അഭിപ്രായം, അങ്ങനെ വന്നാൽ ഇന്ത്യൻ മുന്നേറ്റതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കും, സ്റ്റിമാച്ച് കൂ‌ട്ടിച്ചേർത്തു.