ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾ കളിക്കാരുടെ പരുക്കേൽക്കുമ്പോൾ വേദനസംഹാരികൾ നൽകുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. കിർഗിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിലാണ് സ്റ്റിമാച്ച് ഇക്കാര്യം പറഞ്ഞത്.
ക്ലബുകൾ തങ്ങളുടെ കളിക്കാരുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷെ ചില ക്ലബുകൾ കളിക്കാർക്ക് വേദനസംഹാരികൾ കുത്തിവയ്ക്കുന്നുണ്ട്, ഇക്കാര്യത്തിൽ എനിക്ക് തൃപ്തിയില്ല, ദേശീയ ക്യാംപിലെത്തിയ രണ്ട് കളിക്കാരിൽ നിന്ന് ഇക്കാര്യം ഞാൻ മനസിലാക്കിയിട്ടുണ്ട്, ഇതൊരിക്കലും ശരിയായ രീതിയല്ല, കാരണം വേദനസംഹാരികൾ കളിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, ഏറ്റവും കുറഞ്ഞത് ഏഷ്യാ കപ്പ് വരെയെങ്കിലും ക്ലബുകൾ കളിക്കാർക്ക് വേദനസംഹാരികൾ നൽകരുതെന്നാണ് എന്റെ നിർദേശം, സ്റ്റിമാച്ച് പറഞ്ഞു.
പരുക്കിനെത്തുടർന്ന് കളിക്കാർ ഒരു മത്സരം പുറത്തിരുന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല, പക്ഷെ വേദനസംഹാരികൾ നൽകി അയാളെ കളത്തിലിറക്കുന്നത് ഒരുപക്ഷെ വലിയ ദോഷം ചെയ്യും, എത്ര മികവുള്ള കളിക്കാരനാണെങ്കിൽ പൂർണമായും ഫിറ്റ് അല്ല അയാളെങ്കിൽ മത്സരത്തിനിറക്കാതിരിക്കാനെ ഞാൻ ശ്രമിക്കു, സ്റ്റിമാച്ച് കൂട്ടിച്ചേർത്തു.