SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെതിരെ ആരാധകരോക്ഷം ശക്തമായിരിക്കുകയാണ്. സമീപകാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ സ്റ്റിമാച്ച്ഔട്ടെന്ന ഹാഷ്ടാ​ഗ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സാഫ് കപ്പ് മത്സരത്തിൽ ഇന്ത്യ ബം​ഗ്ലാദേശിനോട് സമനില വഴങ്ങിയതിന് പിന്നാലെ സ്റ്റിമാച്ചിനെതിരായ പ്രതിഷേധം ശക്തി പ്രാപിച്ചു.

സാഫ് കപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടുകയാണ്.ബം​ഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ലങ്കയെ തോൽപ്പിക്കുക എന്നത് നിർണായകമാണ്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെകണ്ട സ്റ്റിമാച്ച് എന്നാൽ തനിക്കുനേരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ തുറന്നടിച്ചു.

ഇന്ത്യൻ ടീമിന് വേണ്ടി ആരൊക്കെ കളിക്കണമെന്നും ഇന്ത്യൻ ടീമിനെ ആര് പരിശീലിപ്പിക്കണമെന്നും തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയല്ല എന്നാണ് സ്റ്റിമാച്ചിന്റെ വാക്കുകൾ. സമൂഹമാധ്യമങ്ങൾ ഒരു തുറന്ന പ്ലാറ്റ്ഫോമാണ്, അതൊരിക്കലും നിശബ്ദമായിരിക്കില്ല, അതിലവർക്ക് ഇഷ്ടമുള്ളത് എഴതും, പക്ഷെ ​തന്റെ ജോലിയെ ​ഗൗരവത്തോടെ കാണുന്നവർ സോഷ്യൽ മീഡിയയെ വകവയ്ക്കാറില്ല, സ്റ്റിമാച്ച് പറഞ്ഞു.