SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനെന്ന നിലയിൽ വലിയ വെല്ലുവിളിയാണ് ക്രൊയേഷ്യക്കാരനായ ഇ​ഗോർ സ്റ്റിമാച്ച് നേരിടുന്നത്. സ്റ്റിമാച്ചിന്റെ കീഴിൽ ദേശീയ ടീമിന്റെ പ്രകടനം, കണക്കുകൾ പരിശോധിക്കുമ്പോൾ ഒട്ടും ആശാവഹമല്ല. എന്നാൽ ടീമിന്റെ കളിശൈലിയിലടക്കം വലിയ മാറ്റങ്ങളും പുരോ​ഗതിയുമുണ്ടായെന്നാണ് സ്റ്റിമാച്ച് അവകാശപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിൽ ഫുട്ബോൾ മടങ്ങിയെത്തുന്നതോടെ സ്റ്റിമാച്ചും ഒരുക്കങ്ങൾ തുടങ്ങുകയാണ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ഒരു വീഡിയോ കോൺഫെറൻസിൽ പങ്കെടുത്ത സ്റ്റിമാച്ച്, ടീമിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. പന്ത് കൈവശം വച്ചുകൊണ്ടുള്ള ആക്രമണഫുട്ബോളാണ് താൻ പരി​ഗണിക്കുകയെന്നാണ് സ്റ്റിമാച്ച് പറയുന്നത്. ഇതിനായി ഇന്ത്യൻ ടീമിന്റെ ഫോർമേഷൻ 4-2-3-1 എന്നതാക്കി തുടരുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി. ഇതിന്റെ കാരണവും സ്റ്റിമാച്ച് പറഞ്ഞു.

കാണികൾക്ക് കാണാൻ ഇഷ്ടപ്പെടുന്ന, പന്ത് കൈവശം വച്ചുള്ള ഫുട്ബോൾ ശൈലിയിലേക്ക് മാറണം, 4-2-3-1 ശൈലിയിൽ ​ഗോൾകീപ്പറിൽ നിന്ന് ആക്രമണങ്ങൾ തുടങ്ങും, മാത്രവുമല്ല കളി നിയന്ത്രിക്കുന്നതിൽ സെന്റർ ബാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്, സ്റ്റിമാച്ച് പറഞ്ഞു. ഈ ഫോർമേഷൻ മറ്റൊരു പ്രത്യേകത, ഫുൾബാക്കുകളുടെ കുതിപ്പാണ്, ഇതിലൂടെ എതിർടീം താരങ്ങളെ ആകർഷിച്ച്, അതുവഴി നമ്മുടെ മുന്നേറ്റതാരങ്ങൾക്ക് കൂടുതൽ ഇടം കണ്ടെത്താൻ സാധിക്കും, സ്റ്റിമാച്ച് കൂട്ടിച്ചേർത്തു.

ടീമിനെ മികവുറ്റതാക്കിമാറ്റാനുള്ള പരിശീലനപരിപാടികളെക്കുറിച്ചും സ്റ്റിമാച്ച് പറഞ്ഞു. പാസിങ്ങ് മെച്ചപ്പെടുത്താനായി ചെറുസംഘങ്ങളായി തിരിച്ചുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്, ഇതിലൂടെ കളിക്കാരുടെ പാസിങ്ങിലെ കൃത്യതയും, പാസ് ചെയ്ത ശേഷമുള്ള നീക്കങ്ങളും മെച്ചപ്പെടുന്നുണ്ട്, വിങ്ങർമാരായ ഉദാന്ത സിങ്ങിന്റേയും ആഷിഖ് കുരൂണിയന്റേയും ക്രോസിങ് മികവ് മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും നടക്കുന്നുണ്ട്, സ്റ്റിമാച്ച് വ്യക്തമാക്കി.