SHARE

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കളഞ്ഞ് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം മാഴ്സലോ രംഗത്ത്. താൻ റയൽ വിട്ട് എങ്ങോട്ടേക്കുമില്ലെന്നും, കരിയർ അവസാനിപ്പിക്കുന്നത് റയലിൽ കളിച്ച് തന്നെയായിരിക്കുമെന്നും പറഞ്ഞ മാഴ്സലോ, താൻ ടീം വിടാൻ പോകുന്നെന്ന തരത്തിൽ വരുന്ന വാർത്തകൾ കേവലം കെട്ടുകഥകൾ മാത്രമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ടിവി യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” റയലിൽ താൻ അതീവ സന്തുഷ്ടനാണ്, ഇതെനിക്ക് എന്റെ വീടാണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ റയലിൽ ഇനിയും ദീർഘനാൾ കളിക്കുകയാണ് തന്റെ ലക്ഷ്യം. റയലിലുള്ള ഓരോ നിമിഷവും താൻ ആസ്വദിക്കുന്നു. താൻ റയലിൽ എത്തിയപ്പോളുള്ള മാനസികാവസ്ഥ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോളും. ഈ ടീമിന് വേണ്ടി എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമോ, അതാണ്, അത് മാത്രമാണ് താൻ ലക്ഷ്യം വെക്കുന്നത്. എന്നെക്കുറിച്ചും ഞാൻ ടീം വിടുന്നതിനെക്കുറിച്ചും നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. ദയവായി അത്തരം വാർത്തകൾ വിശ്വസിക്കാതിരിക്കുക “. മാഴ്സലോ പറഞ്ഞുനിർത്തി.

-Advertisement-

2007 ൽ ഫ്ലൂമിനൻസ് ക്ലബ്ബിൽ നിന്ന് റയലിലെത്തിയ മാഴ്സലോ, കഴിഞ്ഞ 11 വർഷങ്ങളായി റയൽ പ്രതിരോധത്തിലെ നിർണായക താരമാണ്. റയലിൽ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ടീം വിട്ട് യുവന്റസിലേക്ക് പോയതിനാൽ മാഴ്സലോയും ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു‌‌. ഇത്തരം അഭ്യൂഹങ്ങൾക്കാണ് മാഴ്സലോയുടെ വെളിപ്പെടുത്തലോട് കൂടി അവസാനമുണ്ടായിരിക്കുന്നത്.