ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിൽ സിഡ്നിയിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാൻ ഓസീസ് താരം മാർനസ് ലബുഷെയ്ൻ നടത്തിയ ശ്രമവും, അതിന് ഗിൽ നൽകിയ മറുപടിയും ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ഇന്ത്യൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവർ. ക്രീസിലുള്ള ഗില്ലിനെതിരെ പന്തെറിയുന്നത് ഓസ്ട്രേലിയയുടെ സ്റ്റാർ പേസറായ മിച്ചൽ സ്റ്റാർക്ക്. ഈ സമയം ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യാനുണ്ടായിരുന്നു. ഇന്ത്യൻ ഓപ്പണറുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫേവറിറ്റ് കളിക്കാരൻ ആരെന്ന് ലബുഷെയ്ൻ ചോദിക്കുകയായിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട കളികാരൻ ആരാണെന്നത് മത്സര ശേഷം പറയാമെന്നായിരുന്നു ഗില്ലിന്റെ മറുപടി.
എന്നാൽ ലബുഷെയ്ൻ അവിടം കൊണ്ട് നിർത്തിയില്ല. സച്ചിനാണോ, അതോ വിരാടാണോ പ്രിയ കളികാരനെന്ന തരത്തിൽ അദ്ദേഹം ചിരിച്ചു കൊണ്ട് വീണ്ടും ഗില്ലിനോട് ചോദിക്കുകയായിരുന്നു. എന്നാൽ ഇതിന് ഗിൽ മറുപടിയൊന്നും നൽകിയില്ല. ഈ സംഭവത്തിന് ശേഷവും ഗിൽ മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ, ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള ലബുഷെയ്ന്റെ ശ്രമം വിഫലമാവുകയായിരുന്നു.