SHARE

ന്യൂസില‌ൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് സീനിയർ പേസ് ബൗളർ ഇഷാന്ത് ശർമ്മയാണ്. ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ മൂന്ന് വിക്കറ്റുകളാണ് ഇഷാന്ത് രണ്ടാംദിനം പിഴുതത്. ഓപ്പണർമാരായ ടോം ലാഥം, ടോം ബ്ലണ്ടൽ, സീനിയർ ബാറ്റ്സ്മാൻ റോസ് ടെയ്ലർ എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇത്. എന്നാൽ മികച്ച പ്രകടനം രണ്ടാം ദിനം കാഴ്ച വെച്ചെങ്കിലും താൻ ഒട്ടും സന്തുഷ്ടനല്ലെന്നായിരുന്നു കളിക്ക് ശേഷം സംസാരിക്കവെ ഇഷാന്തിന്റെ വെളിപ്പെടുത്തൽ‌.

തന്റെ ശരീരത്തിന്റേയും തന്റെ ബോളിംഗിന്റേയും കാര്യത്തിൽ ഒട്ടും സന്തോഷമില്ലെന്നായിരുന്നു ഇഷാന്ത് പറഞ്ഞത്. താരത്തിന്റെ വാക്കുകൾഇങ്ങനെ, ” ഞാൻ ഒട്ടും സന്തോഷവാനല്ല, കാരണം കഴിഞ്ഞ 2 ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല. എന്റെ ശരീരം എന്നെ നന്നായി വലയ്ക്കുന്നു. അവരെന്നോട് കളിക്കാൻ പറഞ്ഞു, ഞാൻകളിച്ചു. ടീമിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. ഞാൻ പന്തെറിഞ്ഞ രീതിയിലും, എന്റെ ശരീരത്തിന്റെ കാര്യത്തിലും ഒട്ടും സന്തോഷം തോന്നുന്നില്ല‌. കഴിഞ്ഞ രാത്രിയിൽ 40 മിനുറ്റ് മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിഞ്ഞത്. ടെസ്റ്റിന്റെ ആദ്യ ദിവസത്തിന് തലേന്ന് 3 മണിക്കൂർ മാത്രമാണ് ഉറങ്ങാനായത്. ഉറക്കത്തേക്കാൾ നന്നായി പരിക്കുകളെ സുഖപ്പെടുത്താ‌ൻ മറ്റൊരു വഴിയില്ല‌. നിങ്ങൾ എങ്ങനെ ഉറങ്ങുന്നോ അത് ഗ്രൗണ്ടിലെ പ്രകടനത്തിലും പ്രതിഫലിക്കും.” ഇഷാന്ത് പറഞ്ഞുനിർത്തി.

അതേ സമയം ന്യൂസിലൻഡ് പര്യടനത്തിന് മുന്നേ പിടിയിലായിരുന്നു ഇഷാന്ത് ശർമ്മ. വലത് കണ്ണങ്കാലിന് പരിക്കേറ്റ ഇഷാന്തിന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും പരിക്ക് മാറിയെത്തിയ താരം ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിക്കുകയായിരുന്നു‌ എന്നാൽ താരം പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലെന്ന സൂചനകളാണ് ഇഷാന്തിന്റെ തന്നെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്.