SHARE

റൊണാൾഡ് കൂമാന് പകരം ബാഴ്സലോണ ഇക്കുറി പുതിയ പരിശീലകനെ തേടുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ആ സ്ഥാനത്തേക്ക് ഏറ്റവുമധികം പറഞ്ഞു കേട്ട പേരാണ് ക്ലബ്ബിന്റെ ഇതിഹാസ താരമായ സാവിയുടേത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ക്ലബ്ബ്, സാവിയുമായി സംസാരങ്ങൾ നടത്തിയെന്ന് പോലും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് കൂമാനെ തന്നെ പരിശീലകനായി നിലനിർത്താനുള്ള തീരുമാനം ബാഴ്സലോണ കൈക്കൊള്ളുകയും, ക്ലബ്ബിന് പുതിയ പരിശീലകനെത്തുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്ക് അവസാനമാവുകയായിരുന്നു.

എന്നാൽ ഇപ്പോളിതാ റൊണാൾഡ് കൂമാന് പകരം ബാഴ്സലോണയുടെ പുതിയ പരിശീലകനാവാനുള്ള ആവശ്യവുമായി ബാഴ്സലോണ ഒരു തവണ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാവി. താൻ വിപണിയിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ സാവി, കഴിഞ്ഞ 2 വർഷമായി പരിശീലകനായ തനിക്ക് അടുത്തെങ്ങും ബാഴ്സലോണ ബോർഡിൽ നിന്ന് വിളി വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.

“ബാഴ്സലോണ പ്രസിഡന്റ് ജോവോൻ ലപ്പോർട്ടയുമായി എനിക്ക് മികച്ച ബന്ധമാണുള്ളത്. അദ്ദേഹം എന്ത് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അത് ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയായിരിക്കും. എനിക്ക് ക്ലബ്ബിൽ ഇപ്പോളും മികച്ച താല്പര്യമുണ്ട്. പക്ഷേ ഇക്കഴിഞ്ഞ 2, 3 മാസത്തിനിടെ ക്ലബ്ബിൽ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.” സാവി പറഞ്ഞു.