SHARE

എ എഫ് സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത് നിർഭാഗ്യമാണെന്ന് ഇന്ത്യൻ ഇതിഹാസ ഫുട്ബോളർ ഐ എം വിജയൻ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എ ഐ എഫ് എഫ്) ദേശീയ ഫുട്ബോൾനിരീക്ഷകനായ വിജയൻ ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാൻ യു എ ഇ യിലുണ്ട്. ഇന്നലെ യുഎ ഇ യ്ക്കെതിരായ മത്സരശേഷം ഗോൾ ഡോട്ട്കോമിനോട് സംസാരിക്കവെയാണ് വിജയൻ ഇക്കാര്യം പറഞ്ഞത്.

” ഇന്ത്യ നന്നായി കളിച്ചു. ഈ മത്സരം തോറ്റത് ഏറെ നിർഭാഗ്യകരമാണ്. നമ്മുടെ താരങ്ങൾ ഒത്തിരി അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ അവയൊക്കെ നഷ്ടപ്പെടുത്തി. അതിൽ ചിലത് വളരെ മികച്ച അവസരങ്ങളായിരുന്നു. ബാറും നമുക്ക് മുന്നിൽ വില്ലനായി. കോൺസ്റ്റന്റൈൻ നന്നായി ടീമിനെ ഒരുക്കി, ടീം നന്നായി കളിക്കുകയും ചെയ്തു. നമ്മൾ നിർഭാഗ്യവാന്മാരായിരുന്നു.” വിജയൻ പറഞ്ഞു.

തായ്ലൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ചവെച്ചതിനേക്കാൾ മികച്ച പ്രകടനമാണ് യു.എ.ഇ‌യ്ക്കെതിരെ ഇന്ത്യ പുറത്തെടുത്തതെന്നാണ് വിജയന്റെ അഭിപ്രായം. ഇന്ത്യ വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധത്തിന്റെ പിഴവുകളായി കാണാൻ കഴിയില്ലെന്നും, അവ അപ്രതീക്ഷിതമായി സംഭവിച്ച ഗോളുകളായിരുന്നെന്നും വിജയൻ അഭിപ്രായപ്പെടുന്നു. ആഷിഖ് കുരുനിയനും ഭേദപ്പെട്ട പ്രകടനമാണ് മത്സരത്തിൽ നടത്തിയതെന്ന് പറഞ്ഞ വിജയൻ, ഇന്ത്യ ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്ന് മുന്നേറുമെന്ന ശുഭപ്രതീക്ഷയും പങ്ക് വെച്ചു.