SHARE

കേരളാബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് ടീം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആരാധക പ്രതിഷേധമെന്ന് സൂചന. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾക്ക് പുറമേ ആരാധകരും തനിക്കെതിരായത് ജെയിംസിനെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ നിർബന്ധിതനാക്കിയെന്നാണ് വാർത്തകൾ. ഇത്രയും നാൾ വലിയ പിന്തുണയുമായി കൂടെയുണ്ടായിരുന്ന ആരാധകർ ടീമിന്റെ മോശം പ്രകടങ്ങളിൽ തനിക്കെതിരായത് ജെയിംസിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് ആരാധകർ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ജംഷദ്പൂർ എഫ് സി ക്കെതിരായ ഹോം മത്സരം മുതലാണ് സ്ഥിതിഗതികൾ വഷളായത്. ചരിത്രത്തിലാദ്യമായി കൊച്ചിയിൽ ഐ എസ് എൽ അറ്റൻഡൻസ് പതിനായിരത്തിൽത്താഴെ വന്നത് ബ്ലാസ്റ്റേഴ്സിനെപ്പോലെ തന്നെ ജെയിംസിനും വലിയ തിരിച്ചടിയാണ് നൽകിയത്. ഇതിനിടെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവർ ജെയിംസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു‌. ഇതും അദ്ദേഹത്തിന്റെ മനസിനെ തളർത്തി.

ദീർഘകാല‌ പദ്ധതിയുമായി ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ജെയിംസ് കരാറിൽ രണ്ടര വർഷം ബാക്കിയുള്ളപ്പോളാണ് പരിശീലക സ്ഥാനമൊഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരാജയങ്ങളിൽ ആരാധകർ ജെയിംസിനെ കുറ്റപ്പെടുത്തിയപ്പോളും പത്രസമ്മേളനങ്ങളിൽ ആരാധകർക്കെതിരെ ഒരു രീതിയിലും ജെയിംസ് പ്രതികരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല തന്നെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെട്ട് തുടങ്ങുമ്പോളും, ബ്ലാസ്റ്റേഴ്സിന്റേത് ഏറ്റവും മികച്ച ആരാധകരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടീമിന്റെ തോൽവികളിലും, മോശം പ്രകടനങ്ങളിലും ശാന്തനായിരുന്ന ജെയിംസിനെ പക്ഷേ അവസാന രണ്ട് മത്സരങ്ങളിൽ സമ്മർദ്ദത്തിന് അടിമപ്പെട്ടിരുന്നത് പോലെയാണ് കണ്ടത്. മുംബൈ സിറ്റിക്കെതിരായ മത്സരം തന്റെ നിർണായക മത്സരമാണെന്ന് ജെയിംസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായാണ് സൂചന, മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ കനത്ത തോൽ വിക്ക് പിന്നാലെ പരിശീലക സ്ഥാനമൊഴിയാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു‌.