SHARE

ഓസീസിനെതിരായ നിശ്ചിത ഓവർ പരമ്പരയ്ക്കൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. മത്സരങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ദക്ഷിണാഫ്രിക്ക പരിശീലന മത്സരം കളിച്ചിരുന്നു. രസകരമായ ചില നിമിഷങ്ങൾ ഈ മത്സരത്തിനിടെ അരങ്ങേറി. ഇതിൽ കാണികളെ ഏറ്റവുമധികം ചിരിപ്പിച്ചത് നോ ബോളിൽ വിക്കറ്റ് ആഘോഷിച്ച ഇമ്രാൻ താഹിറിന്റെ പ്രവൃത്തിയായിരുന്നു.

മത്സരത്തിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്റെ ആറാം ഓവറിനിടയ്ക്കായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയെറിഞ്ഞ ഓവറിലെ നാലാം പന്തിൽ ഓസീസിന്റെ ജോഷ് ഫിലിപ്പ് പുൾഷോട്ടിന്‌ശ്രമിച്ചു. പൊങ്ങി ഉയർന്ന പന്ത് ഡീപ്പ് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന താഹിറിന്റെ കൈകളിലേക്കാണ് എത്തിയത്. ഇതിനിടയിൽ അമ്പയർ പന്ത് നോ ബോൾ വിളിച്ചിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതിരുന്ന താഹിർ ക്യാച്ചെടുത്തതിന്‌ ശേഷം വിക്കറ്റ് ലഭിച്ചെന്ന ‌സന്തോഷത്തിൽ ആഘോഷപ്രകടനം തുടങ്ങി. ഗ്യാലറിയിലേക്ക് തിരിഞ്ഞ് കാണികളെ നോക്കിയും അദ്ദേഹം ആഘോഷം നടത്തി. ആഘോഷത്തിന് ശേഷം തിരിഞ്ഞപ്പോളാണ് അത് നോബോളായിരുന്നെന്നും, വിക്കറ്റല്ലെന്നും താഹിർ മനസിലാക്കുന്നത്. എന്നാൽ ഈ‌ സമയം കൊണ്ട് ഓസീസ് താരങ്ങൾ രണ്ട് റൺസ് ഓടിയെടുത്തിരുന്നു.

താഹിറിന് പിണഞ്ഞ ഈ അബദ്ധം ഇപ്പോൾസമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്‌. അതേ സമയം മത്സരത്തിന് ശേഷം ഈ‌സംഭവത്തെക്കുറിച്ച് താഹിറിനോട് ചോദിച്ചപ്പോൾ, താൻ ആ നോ ബോൾ കോൾ കേട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.