SHARE

ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ നായക‌ൻ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ചുറി. കോഹ്ലിയുടെ അഭാവത്തിൽ ടീമിന്റെ നാലാം നമ്പരിൽ ബാറ്റിംഗിനിറങ്ങിയ രഹാനെ ഇന്ത്യൻ ബാറ്റിംഗിനെ മുന്നിൽ നിന്ന് നയിക്കുകയാണ്‌. താരത്തിന്റെ സെഞ്ചുറി മികവിൽ ഒന്നാമിന്നിംഗ്സിൽ തകർപ്പൻ ലീഡ് നേടി കുതിക്കുന്ന ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 277/5 എന്ന നിലയിലാണ്. 82 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നിലവിൽ അവർക്കുണ്ട്.

36/1 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 61 റൺസെത്തിയപ്പോൾ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. 45 റൺസായിരുന്നു അരങ്ങേറ്റക്കാരന്റെ സമ്പാദ്യം. ചേതേശ്വർ പുജാര 17 റൺസും, ഹനുമ വിഹാരി 21 റൺസും, ഋഷഭ് പന്ത് 29 റൺസുമെടുത്തും പുറത്തായി. ആറാം വിക്കറ്റിൽ ജഡേജയും, രഹാനെയും ഒത്തുചേർന്നതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചു. ഇരുവരും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോറും പിന്നിട്ട് അനായാസം കുതിച്ചു. നിലവിൽ 104 റൺസ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്.

1 ബൗണ്ടറിയടക്കം നേടിയ 40 റൺസോടെ ജഡേജയും, 12 ബൗണ്ടറികളടക്കം നേടിയ 104 റൺസോടെ അജിങ്ക്യ രഹാനെയുമാണ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ക്രീസിലുള്ളത്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.