SHARE

ഇന്ത്യ എ ടീമിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ലയണ്‍സ് തുടക്കം തകര്‍ച്ചയോടെ. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 72-3 എന്ന നിലയിലാണ് ലയണ്‍സ്. 17 റണ്‍സെടുത്ത ഡേവിഡ് മലനാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജാണ് മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്.

ആദ്യ ഇന്നിംഗ്‌സില്‍ 180 റണ്‍സ് നേടിയ അലസ്റ്റയര്‍ കുക്കിനെ വീഴ്ത്തിയാണ് സിറാജ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 5 റണ്‍സ് മാത്രമായിരുന്നു കുക്കിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ നിക്ക് ഗുബ്ബിന്‍സ് 9 റണ്‍സെടുത്തും പുറത്തായി. 38 റണ്‍സെടുത്ത് രോറി ബേണ്‍സ് പിടിച്ചു നിന്നെങ്കിലും ചായക്ക് പിരിയും മുമ്പ് പവലിയനിലേക്ക് മടങ്ങി.

കുക്കിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ലയണ്‍സ് 423 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 197 റണ്‍സിന് കൂടാരം കയറി. പ്രിത്വി ഷാ (62), ഋഷഭ് പന്ത് (58), അജിങ്ക്യ രഹാനെ (49) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. മറ്റു താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.