SHARE

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തു. യുവ ബാറ്ററായ ശ്രേയസ് അയ്യർ ഈ മത്സരത്തിൽ കളിച്ചു കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, സ്റ്റാർ പേസറായ മൊഹമ്മദ് സിറാജിന് പ്ലേയിംഗ് ഇലവനിൽ ഇടമില്ലെന്നത് ശ്രദ്ധേയമായി. തീർത്തും അപ്രതീക്ഷിതമാണ് സിറാജിന്റെ പുറത്താകൽ.

മൂന്ന്‌ സ്പിന്നർമാരും, രണ്ട് പേസർമാരുമായാണ് ഇന്ത്യ കാൺപൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിനിറങ്ങുന്നത്. സ്പിൻ നിരയിൽ അക്സർ പട്ടേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഇടം പിടിച്ചപ്പോൾ ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ എന്നിവരാണ് പേസ് നിരയിൽ അണിനിരക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത് എന്നീ സൂപ്പർ താരങ്ങളില്ലാതെയാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങുന്നത്.‌ വിശ്രമം അനുവദിച്ചതിനെത്തുടർന്നാണ് ഇവരെല്ലാം ഈ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ ഇങ്ങനെ – ശുഭ്മാൻ ഗിൽ, മയങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്.