SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി – ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയതുടക്കം. സൂററ്റില്‍ വെച്ചു നടന്ന ആദ്യ മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി ഹര്‍മ്മന്‍പ്രീത് കൗര്‍ 43 റണ്‍സെടുത്തു. 34 ബോളുകളില്‍ നിന്നും 2 സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു ഹര്‍മ്മന്‍ പ്രീതിന്റെ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി സ്മൃതി മന്ഥാന 21 റണ്‍സും ജെമീമ റോഡ്രിഗസ് 19 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാദിന്‍ ഡി ക്ലര്‍ക്ക് രണ്ടും ഷബ്‌നീം ഇസ്‌മൈല്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

131 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 19.5 ഓവറില്‍ 119 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി അയച്ചു. 43 ബോളില്‍ നിന്നും 59 റണ്‍സെടുത്ത മിഗ്നണ്‍ ഡു പ്രീസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ഇവര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേയ്ക്കു നയിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും ടീമില്‍ മറ്റാര്‍ക്കും തിളങ്ങാനാവാതെ വന്നതോടെ ആ പ്രതീക്ഷ അസ്തമിച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശര്‍മ്മ മൂന്നും ശിഖ പാണ്ഡേ, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ദീപ്തി ശര്‍മ്മയാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി.