SHARE

ഇന്ത്യ എ യ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിന് 122 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 121 റൺസിന് പുറത്താവുകയായിരുന്നു. 36 റൺസെടുത്ത സിദ്ധേഷ് ലഡ്ഡ് മാത്രമാണ് ഇന്ത്യ എയ്ക്ക് വേണ്ടി അല്പമെങ്കിലും പൊരുതിയത്. ഇംഗ്ലണ്ട് ലയൺസിനായി ജാമി ഓവർടൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ടീമിന്റെ തുടക്കം. ഇന്നിംഗ്സിലെ ആദ്യ പന്തിൽത്തന്നെ കെ എൽ രാഹുൽ പുറത്ത്. സ്കോർ ബോർഡിൽ 14 റൺസെത്തിയപ്പോൾ 3 റൺസെടുത്ത ഹിമ്മത് സിംഗും മടങ്ങി. നായകൻ അങ്കിത് ബാവ്നെയുടേതായിരുന്നു അടുത്ത ഊഴം. റണ്ണൊന്നുമെടുക്കാതെയായിരുന്നു ബാവ്നെ പവലിയനിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ മത്സരത്തിൽ തകർച്ചടിച്ച ഋഷഭ് പന്തും സിദ്ധേഷ് ലഡ്ഡും ഇന്ത്യൻസ്കോർ 48 ലെത്തി നിൽക്കേ പുറത്തായതോടെ ടീം തകർന്നു. പന്ത് 7 റൺസെടുത്തപ്പോൾ, 36 റൺസ് നേടിയതിന്‌ശേഷമാണ് ലഡ് പുറത്തായത്. ടീമിനെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിക്കുമെന്ന് കരുതിയ ദീപഹ് ഹൂഡയും പിന്നാലെ വീണതോടെ ഇന്ത്യ മത്സരത്തിൽ ബാക്ഫുട്ടിലായി.

23 റൺസെടുത്ത അക്സർ പട്ടേലും, 21 റൺസെടുത്ത് ദീപക് ചഹറും പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ അത് മതിയാകുമായിരുന്നില്ല. 35 ഓവറിലാണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചത്. അതേ സമയം മത്സരത്തിൽ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ലയൺസ്, അവസാന വിവരം ലഭിക്കുമ്പോൾ 12/1 എന്ന‌നിലയിലാണ്.