SHARE

ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യഎ യ്ക്ക് ഇന്നിംഗ്സിന്റേയും 68 റൺസിന്റേയും തകർപ്പൻ ജയം. 248 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ലയൺസ് 180 റൺസിൽ ഓളൗട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവ സ്പിന്നർ മയങ്ക് മർക്കണ്ടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗിനെ തകർത്തത്. വിജയത്തോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ എ യ്ക്ക് സ്വന്തമായി. നേരത്തെ വയനാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. സ്കോർ : ഇന്ത്യ എ – 392, ഇംഗ്ലണ്ട് ലയൺസ് – 144,180.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 144 റൺസിൽ പുറത്തായി 248 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ലയൺസിനെ ഇന്ത്യ എ ഫോളോ ഓണിനയക്കുകയായിരുന്നു. ഓപ്പണർ ബെൻ ഡക്കറ്റാണ് രണ്ടാമിന്നിംഗ്സിൽ അവരുടെ ടോപ് സ്കോറർ. താരം 50 റൺസ് നേടി. ഏഴാമനായി ബാറ്റിംഗിനിറങ്ങിയ ലെവിസ് ഗ്രിഗറി 44 റൺസെടുത്ത് പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.

മയങ്ക് മർക്കണ്ടേയുടേയും, ജലജ് സക്സേനയുടേയും നേതൃത്വത്തിലുള്ള ഇന്ത്യൻ സ്പിന്നർമാർ ആഞ്ഞടിച്ചതോടെയാണ് ഇംഗ്ലണ്ട് ലയൺസ് അതിവേഗം കടപുഴകിയത്. മർക്കണ്ടെ 31 റൺസ് വഴങ്ങി‌ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജലജ്‌സക്സേന 2 വിക്കറ്റുകൾ വീഴ്ത്തി.