SHARE

ശ്രീലങ്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എ യ്ക്ക് 48 റൺസിന്റെ തകർപ്പൻ ജയം. ഔട്ട്ഫീൽഡിലെ നനവിനെത്തുടർന്ന് വൈകി തുടങ്ങിയ മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 317/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ശ്രീലങ്കയുടെ മറുപടി 269/6 വരെയേ എത്തിയുള്ളൂ. 136 പന്തിൽ 187 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയിക്ക്വാദിന്റെ ബാറ്റിംഗ് വിസ്ഫോടനമാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗാണ് ഓപ്പണർ ഗെയിക്ക്വാദ് പുറത്തെടുത്തത്. 136 പന്തിൽ 26 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 187 റൺസാണ് താരം നേടിയത്. അന്മോൾ പ്രീത് സിംഗ് 65 റൺസും, നായകൻ ഇഷാൻ കിഷൻ 45 റൺസും നേടി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക എ യ്ക്ക് വേണ്ടി 108 റൺസെടുത്ത ഷെഹാൻ ജയസൂര്യയും, 44 റൺസെടുത്ത ദാസൻ ശനകയും മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതാണ് ശ്രീലങ്കയ്ക്ക് മത്സരത്തിൽ തിരിച്ചടിയായത്. ഇന്ത്യയ്ക്ക് വേണ്ടി മയങ്ക് മർക്കണ്ടെ രണ്ട് വിക്കറ്റുകളും, തുഷാർ ദേഷ്പാണ്ടെ, സന്ദീപ് വാര്യർ, ശിവം ഡൂബെ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി‌.