SHARE

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ അഞ്ചുവിക്കറ്റിന് 339 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ എ. നാല് അര്‍ധസെഞ്ചുറികള്‍ ഇതുവരെ പിറന്നു. ശുഭ്മാന്‍ ഗില്‍ (92), കരുണ്‍ നായര്‍ (78), വൃദ്ധിമാന്‍ സാഹ (60), ശിവം ദുബെ (63 നോട്ടൗട്ട്) എന്നിവരാണ് കരുത്തുകാട്ടിയത്.

ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ എ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 5 റണ്‍സെടുത്ത അഭിമന്യു ഈശ്വരനും 6 റണ്‍സെടുത്ത പ്രിയങ്ക് പഞ്ചലും പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് മാത്രം. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും, കരുണ്‍ നായരും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 135 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ പിറന്നത്. ഗില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 92 റണ്‍സെടുത്ത് പുറത്തായി.

രണ്ടാംദിനം തുടക്കത്തിലേ കരുണിനെ വിയാന്‍ മുള്‍ഡര്‍ വീഴ്ത്തി. എന്നാല്‍ സാഹ-ദുബെ കൂട്ടുകെട്ട് വലിയ പരിക്കില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. ലുംഗി എന്‍ഗിഡിയും വെറോണ്‍ ഫിലാന്‍ഡറും ദക്ഷിണാഫ്രിക്കയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.