SHARE

വെസ്റ്റിൻഡീസ് എ ടീമും, ഇന്ത്യ എ ടീമും തമ്മിലുള്ള മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 373 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അവരുടെ രണ്ടാം ഇന്നിംഗ്സിൽ 314/6 എന്ന സ്കോറിൽ നിൽക്കുമ്പോളായിരുന്നു കളി അവസാനിച്ചത്. 5 വിക്കറ്റെടുത്ത സീനിയർ സ്പിന്നർ ഷഹബാസ് നദീം ഇന്ത്യൻ ബോളിംഗിൽ തിളങ്ങി. സ്കോർ ഇന്ത്യ എ – 201, 365/4, വെസ്റ്റിൻഡീസ് എ 194, 314/6.

രണ്ടാമിന്നിംഗ്സിൽ വിൻഡീസ് ബാറ്റ്സ്മാന്മാർ കാണിച്ച നിശ്ചയദാർഢ്യമാണ് മൂന്നാം ടെസ്റ്റിൽ അവർക്ക് സമനില സമ്മാനിച്ചത്. 92 റൺസെടുത്ത ജെറമി സൊലൊസാനോയും, 77 റൺസെടുത്ത ബ്രാൻഡൻ കിംഗും, 69 റൺസെടുത്ത ആംബ്രിസും അവർക്കായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു. ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഷഹബാസ് നദീം ബോളിംഗിൽ തിളങ്ങിയപ്പോൾ ഹനുമ വിഹാരി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ശുഭ്മാൻഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയും, നായകൻ ഹനുമ വിഹാരിയുടെ സെഞ്ചുറിയുമായിരുന്നു ഇന്ത്യയ്ക്ക് രണ്ടാമിന്നിംഗ്സിൽ മികച്ച സ്കോർ സമ്മാനിച്ചത്. 50/4 എന്ന‌നിലയിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ ക്രീസിലെത്തിയ ഇരുവരും ചേർന്ന് 315 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്‌. അവസാന മത്സരം സമനിലയിലായെങ്കിലും ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ എ മൂന്ന് മത്സര പരമ്പര സ്വന്തമാക്കി.