SHARE

ന്യൂസിലൻഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 263 റൺസിൽ പുറത്തായി. സെഞ്ചുറി നേടിയ ഹനുമ വിഹാരിയും, 93 റൺസടിച്ച ചേതേശ്വർ പുജാരയ്ക്കുമൊഴികെ മറ്റ് താര‌ങ്ങൾക്കൊന്നും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങാനായില്ല‌. 4 താരങ്ങൾ പൂജ്യത്തിന് പുറത്തായി‌. 7 റൺസിന് പുറത്തായ ഋഷഭ് പന്ത് തന്റെ മോശം ഫോം ഈ മത്സരത്തിലും തുടർന്നു.

ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു‌. റണ്ണൊന്നുമെടുക്കാതെ പൃഥ്വി ഷായും, ഒരു റണ്ണെടുത്ത് മയങ്ക് അഗർവാളും, നേരിട്ട ആദ്യ പന്തിൽ ശുഭ്മാൻ ഗില്ലും പുറത്തായതോടെ ഇന്ത്യ 5/3 എന്ന നിലയിലായി. രഹാനെ 18 റൺസിൽ വീണു‌.

അഞ്ചാം വിക്കറ്റിൽ പുജായും, വിഹാരിയും ഒത്തുചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് പതുക്കെ കരകയറി‌. ഇരുവരും കൂടി 195 റൺസ് കൂട്ടുകെട്ടാണ് നേടിയത്. എന്നാൽ ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ ഇന്ത്യ വീണ്ടും തകർന്നടിയുകയും 263 റൺസിൽ ഓളൗട്ടാവുകയുമായിരുന്നു. 101 റൺസെടുത്ത വിഹാരിയാണ് ഇന്ത്യൻ ടോപ്‌സ്കോറർ. പന്ത് (7) അശ്വിൻ (0), സാഹ (0), ഉമേഷ് യാദവ് (9*), ജഡേജ (8) എന്നിങ്ങനെയാണ് മറ്റിന്ത്യൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.