SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 337 റൺസിന് പുറത്ത്. ഇതോടെ 241 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സ്വന്തമായെങ്കിലും ഇന്ത്യയെ ഫോളോ ഓണിനയക്കാൻ ഇംഗ്ലണ്ട് തയ്യാറായില്ല. പകരം രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തിൽത്തന്നെ ഓപ്പണർ റോറി ബേൺസിന്റെ വിക്കറ്റ് നഷ്ടമായി. രവി ചന്ദ്രൻ അശ്വിന്റെ പന്തിൽ അജിങ്ക്യ രഹാനെയ്ക്ക് ക്യാച്ച് നൽകിയാണ് ആദ്യ പന്തിൽ ബേൺസ് പുറത്തായത്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 1/1 എന്ന നിലയിലാണ് സന്ദർശകർ.

അതേ സമയം 85 റൺസെടുത്ത് പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്റെ ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ ഇന്ന് 300 കടത്തിയത്. അശ്വിൻ 31 റൺസെടുത്തു. ഷഹബാസ് നദീം (0), ഇഷാന്ത് ശർമ്മ (4), ജസ്പ്രിത് ബും റ (0) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.‌ ഇംഗ്ലണ്ടിനായി ഡൊമിനിക്ക് ബെസ് 4 വിക്കറ്റുകൾ വീഴ്ത്തി‌. വാഷിംഗ്ടൺ സുന്ദറിന് പുറമേ 91 റൺസെടുത്ത ഋഷഭ് പന്തും, 73 റൺസ് നേടിയ ചേതേശ്വർ പുജാരയും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയിരുന്നു.‌ നേരത്തെ ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്സിൽ 578 റൺസായിരുന്നു നേടിയത്.