SHARE

ജൂണ്‍ ഒന്നു മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിലേക്ക് 30 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയ്ന്‍. സൗവിക് ചക്രബര്‍ത്തി, ലാല്‍ഡന്‍മാവിയ റാള്‍ട്ടെ, സഞ്ജീബന്‍ ഘോഷ്, മലയാളി താരം ആഷിഖ് കരുണിയന്‍ എന്നിവരാണ് സാധ്യതാ ടീമിലെ പുതുമുഖങ്ങള്‍.

മെയ് 16 മുതല്‍ 18 വരെയാണ് മുംബൈയില്‍ പരിശീലന ക്യാമ്പ് നടക്കുന്നത്. ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, നാരായണ്‍ ദാസ്, റൗളിന്‍ ബോര്‍ജസ്, ഹോളിചരണ്‍ നര്‍സാരി, ഉദാന്ത സിംഗ്, മുഹമ്മദ് റഫീഖ്, ബല്‍വന്ദ് സിംഗ്, ജെജെ, സുനില്‍ ഛേത്രി തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തിടെ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരം ലാല്‍റുവത്താരയും ടീമിലുണ്ട്.

ക്യാമ്പിന് ശേഷം ടൂര്‍ണ്ണമെന്റിനുള്ള ടീമിനെ ഇന്ത്യന്‍ പ്രഖ്യാപിക്കും. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം യു എ ഇയയില്‍ നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് മികച്ച ടീമുകളെ നേരിടാനുള്ള അവസരമാണ് ടൂര്‍ണ്ണമെന്റിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.