SHARE

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും ആവേശം നല്‍കുന്ന പോരാട്ടമാണ് ഇന്ത്യ-ഓസ്‌ട്രേലിയ. അതും ഇന്ത്യയില്‍ വെച്ചാകുമ്പോള്‍ ആവേശം ഇരട്ടിയാകും. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലേയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇന്ത്യയില്‍ കളിച്ച ചരിത്രം നോക്കിയാല്‍ ഓസീസിനാണ് മുന്‍തൂക്കം.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ 3-2 ന് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അതു മാത്രമല്ല കംഗാരുപ്പടയ്ക്ക് ആത്മ വിശ്വാസം നല്‍കുന്നത്. ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടുള്ള 91 ഏകദിനങ്ങളില്‍ 52 എണ്ണത്തില്‍ വിജയിച്ചപ്പോള്‍. പരാജയപ്പെട്ടത് 34 മത്സരങ്ങളിലാണ്. കളിച്ചതില്‍ 61 എണ്ണവും ഇന്ത്യക്കെതിരെയായിരുന്നു. ഇതില്‍ 29 വിജയവും 27 പരാജയവുമാണ് ഓസീസിന് പറയാനുള്ളത്.

ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒമ്പത് പരമ്പരകളില്‍ അഞ്ചെണ്ണത്തിലും ജയിച്ചത് ഓസീസാണ്. ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം (1987)നേടിയതും 2006 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതും ഇന്ത്യയില്‍ വച്ചാണ്. ഇന്ത്യയില്‍ ഒരു വിദേശ ടീമിന്റെ മികച്ച വിജയശരാശരിയും ഓസീസിന്റേതാണ്. എന്നാല്‍ 2011 ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങിയത് ഓസീസ് മറക്കാനിടയില്ല.