ഈ സീസണിലെ ദേവ്ധർ ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ യെ തകർത്ത് ഇന്ത്യ ബി. ഇന്ന് റാഞ്ചിയിൽ നടന്ന പോരാട്ടത്തിൽ 108 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ബി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി നിശ്ചിത 50 ഓവറുകളിൽ 302/6 എന്ന തകർപ്പൻ സ്കോർ നേടിയപ്പോൾ, ഇന്ത്യ എ 194 റൺസിൽ പുറത്താവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ ബി യ്ക്ക് വേണ്ടി ഓപ്പണർ ഋതുരാജ് ഗെയിക്ക് വാദും, ബാബ അപരാജിതും സെഞ്ചുറികൾ നേടി. പ്രിയങ്ക് പഞ്ചാലിനൊപ്പം ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഋതുരാജ് ഗെയിക്ക്‌വാദ് 122 പന്തുകളിൽ 8 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 113 റൺസ് നേടിയപ്പോൾ, 101 പന്തിൽ 6 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 101 റൺസാണ് ബാബ അപരാജിതിന്റെ സമ്പാദ്യം. 16 പന്തിൽ 26 റൺസ് നേടിയ വിജയ് ശങ്കറും, 8 പന്തിൽ 19 റൺസ് നേടിയ കൃഷ്ണപ്പ ഗൗതവും ഇന്ത്യ ബി യുടെ സ്കോർ മൂന്നൂറ് കടത്താൻ സഹായിച്ചു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് സ്കോർ ബോർഡിൽ 42 റൺസെത്തിയപ്പോളേക്കും ഓപ്പണർമാരെ ഇരുവരേയും നഷ്ടമായി. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് 11 റൺസ് മാത്രമെടുത്ത് പുറത്തായി. 59 റൺസ് നേടിയ നായകൻ ഹനുമ വിഹാരി മാത്രമാണ് ഇന്ത്യ എ യ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വെച്ചത്. കൃത്യതയോടെ ഇന്ത്യ ബിയുടെ ബോളർമാർ പന്തെറിഞ്ഞതോടെ ഇന്ത്യ എ വെറും 194 റൺസിൽ പുറത്താവുകയായിരുന്നു. വിജയികൾക്ക് വേണ്ടി റൂഷ് കലേരിയ മൂന്ന് വിക്കറ്റുകളും, മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.