SHARE

95 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ മനീഷ് പാണ്ടെ തിളങ്ങിയപ്പോൾ, ചതുർ രാഷ്ട്ര ഏകദിന പരമ്പരയിലെ ആറാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ‘എ’ യെ മലർത്തിയടിച്ച് ഇന്ത്യ ‘ബി’ ടീം. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിമയപ്രകാരം 30 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ടീം 231 റൺസിന് പുറത്തായപ്പോൾ, ഇന്ത്യ 40.3 ഓവറിൽ 214/5 എന്ന നിലയിൽ നിൽക്കെ മഴയെത്തുകയായിരുന്നു. തുടർന്ന് ഡക്ക് വർത്ത് ലൂയിസ് മഴ നിയമപ്രകാരം ഇന്ത്യ 30 റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

55 റൺസെടുത്ത സെനുറൻ മുത്തുസ്വാമിയുടേയും, 43 റൺസെടുത്ത ഫർഹാൻ ബെഹാർദീന്റേയും കരുത്തിലായിരുന്നു ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ‘എ’ 231 എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്, എന്നാൽ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ബി ടീം നായകൻ മനീഷ് പാണ്ടെയുടെ ചിറകിലേറി അനായാസം വിജയത്തിലേക്ക് കുതിച്ചു. 105 പന്തിൽ 9 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 95 റൺസ് നേടിയ പാണ്ടെ പുറത്താകാതെ നിന്നപ്പോൾ, 42 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി. ഇതോടെ ടൂർണമെന്റിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യ ബി ടീമിന് കഴിഞ്ഞു. ഇന്ത്യ ബി ടീമിനും ദക്ഷിണാഫ്രിക്ക എ ടീമിനും പുറമെ, ഇന്ത്യ എ ടീം, ഓസ്ട്രേലിയ എ ടീം എന്നിവരാണ് പരമ്പരയിൽ കളിക്കുന്നത്.