SHARE

ഡെൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ അതി വേഗ ബാറ്റിംഗ്. നാലാംദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം മികച്ച പ്രഹരശേഷിയിലാണ് ബാറ്റ് ചെയ്തത്. 67 റൺസെടുത്ത ഓപ്പണർ ശിഖാർ ധവാൻ, 49 റൺസെടുത്ത ചേതശ്വർ പുജാര, 50 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലി, 50 റൺസെടുത്ത് പുറത്താവാതെ നിന്ന രോഹിത് ശർമ്മ എന്നിവരെല്ലാം എഴുപതിന് മുകളിൽ പ്രഹരശേഷി പുറത്തെടുത്തു.

രണ്ടാം ഇന്നിംഗ്സിൽ അതിവേഗം സ്കോറുയർത്തി സന്ദർശകരെ സമ്മർദത്തിലാക്കാം എന്ന ക്യാപ്റ്റൻ കോഹ്ലിയുടെ ഗെയിം പ്ലാനിംഗിനെ അക്ഷരം പ്രതി അനുകൂലിക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇന്ത്യ 246-5 എന്ന സ്കോറിൽ നാലാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ 163 റൺസ് ലീഡ് നേടിയ ഇന്ത്യക്കെതിരെ 410 റൺസാണ് ലങ്കയുടെ വിജയ ലക്ഷ്യം.

നേരത്തെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഏഞ്ചലോ മാത്യൂസിന്റെയും, ക്യാപ്റ്റൻ ദിനേശ് ചണ്ടിമാലിന്റെയും സെഞ്ചുറിക്കരുത്തിൽ 373 റൺസ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമയും, രവിചന്ദ്രൻ അശ്വിനുമായിരുന്നു ഇന്ത്യൻ ബോളിംഗിൽ തിളങ്ങിയത്