SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡര്‍ബനില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഏകദിനമത്സരത്തില്‍ വിരാട് കോഹ്ലിക്ക് അര്‍ധസെഞ്ചുറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 30 ഓവറില്‍ 161-2 എന്ന നിലയിലാണ്. 65 റണ്‍സെടുത്ത് വിരാട് കോഹ്ലിയും 34 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. 56 പന്തുകളിൽ നിന്നാണ് കോഹ്ലി തൻ്റെ 46ാം അർധ സെഞ്ചുറി തികച്ചത്. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും രഹാനെയും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

വലിയ ലക്ഷ്യവുമായി ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മികച്ച രീതിയില്‍ സ്‌കോറിംഗ് മുന്നോട്ടു പോകവെ രോഹിത് ശര്‍മ്മയെ പുറത്താക്കി മോണെ മോര്‍ക്കല്‍ ഇന്ത്യയെ ഞെട്ടിച്ചു. സ്‌കോര്‍ 6.3 ഓവറില്‍ ഇന്ത്യ 33-1. രോഹിത് വീണെങ്കിലും ശിഖര്‍ ധവാന്‍ മറുവശത്ത് അടിച്ചു കളിച്ചു. എന്നാല്‍ 29 പന്തില്‍ 35 റണ്‍സെടുത്ത ധവാന്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. കോഹ്ലിക്ക് സംഭവിച്ച പിഴവായിരുന്നു റണ്ണൗട്ടില്‍ കലാശിച്ചത്. ശിഖര്‍ ധവാന്‍ തന്റെ ദേഷ്യം പുറത്തുകാണിച്ച് തന്നെയാണ് പവലിയനിലേക്ക് നടന്നതും.

നേരത്തെ ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ 268-8 റണ്‍സാണ് നേടിയത്. 20 ഓവറുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ വിജയത്തിന് 109 റണ്‍സ് അകലെയാണ് ഇന്ത്യ.