SHARE

ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യിൽ ബംഗ്ലാദേശിന് 175 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 174/5 എന്ന മികച്ച സ്കോറാണ് നേടിയത്. അർധസെഞ്ചുറികൾ നേടിയ കെ എൽ രാഹുലും, ശ്രേയസ് അയ്യറുമായിരുന്നു ഇന്ത്യൻ ബാറ്റിംഗിലെ ഹീറോസ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 2 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. സ്കോർ ബോർഡിൽ 35 റൺസെത്തിയപ്പോൾ 19 റൺസെടുത്ത ശിഖാർ ധവാനും പവലിയനിൽ തിരിച്ചെത്തി. രാഹുലും, അയ്യറും ചേർന്നതോടെ പിന്നീട് ഇന്ത്യൻസ്കോർ വേഗത്തിൽ കുതിച്ചു. 35 പന്തിൽ 7 ബൗണ്ടറികളടക്കം 52 റൺസാണ് രാഹുൽ നേടിയത്. കുറച്ച് കൂടി അക്രമാസക്തനായിരുന്നു അയ്യർ. 33 പന്തിൽ 3 ബൗണ്ടറികളും, 5 സിക്സറുകളുമടക്കം 62 റൺസാണ് അയ്യർ അടിച്ച് കൂട്ടിയത്. 13 പന്തിൽ 22 റൺസെടുത്ത മനീഷ് പാ‌ണ്ടെയുടെ വെടിക്കെട്ടും അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ കുതിക്കാൻ സഹായിച്ചു.