SHARE

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 256 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് ഓളൗട്ടാവുകയായിരുന്നു. 74 റൺസെടുത്ത ഓപ്പണർ ശിഖാർ ധവാനാണ് ടോപ് സ്കോറർ. ധവാന് പുറമേ 47 റൺസെടുത്ത കെ എൽ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാൻ മറ്റ് ബാറ്റ്സ്മാന്മാരൊന്നും തയ്യാറാവാതിരുന്നതാണ് പ്രതീക്ഷിച്ച സ്കോർ നേടുന്നതിന് ഇന്ത്യയ്ക്ക്‌ തടസമായത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. 10 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ധവാനും, രാഹുലും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങി. 121 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. തുടർന്ന് 47 റൺസെടുത്ത രാഹുൽ പുറത്തായി. പിന്നാലെ 74 റൺസെടുത്ത ധവാനും മടങ്ങി.

ബാറ്റിംഗ് സ്ഥാനംമാറിയെത്തിയ നായകൻ വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല‌. 16 റൺസെടുത്ത ഇന്ത്യൻ നായകനെ സാമ്പ സ്വന്തം ബോളിംഗിൽ പിടികൂടുകയായിരുന്നു. അയ്യർ (4 റൺസ്), ഋഷഭ് പന്ത് (28 റൺസ്), രവീന്ദ്ര ജഡേജ (25 റൺസ്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകളും, പാറ്റ് കമ്മിൻസ്, കെയിൻ റിച്ചാർഡ്സൺ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി.