അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിന്റെ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ, ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി. ബാറ്റിംഗിലും ബോളിംഗിലും, ഫീൽഡിംഗിലുമെല്ലാം ആതിഥേയരെ കവച്ചു വെക്കുന്ന പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ടീം ഇന്ത്യയുടെ വിജയം 8 വിക്കറ്റിന്.
മത്സരത്തിന്റെ നാലാം ദിനം ഓസ്ട്രേലിയ തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ 200 റൺസിന് പുറത്തായപ്പോൾ 70 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ നായകൻ അജിങ്ക്യ രഹാനെയും, ശുഭ്മാൻ ഗില്ലും ചേർന്ന് കൂടുതൽ അപകടങ്ങളില്ലാതെ വിജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. സ്കോർ : ഓസ്ട്രേലിയ – 195, 200, ഇന്ത്യ – 326, 70/2.
131 റൺസ് കടവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഓസ്ട്രേലിയ 200 റൺസിൽ പുറത്താവുകയായിരുന്നു. 3 വിക്കറ്റുകൾ വീഴ്ത്തി മൊഹമ്മദ് സിറാജ് ഇന്ത്യൻ ബോളിംഗിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, 2 വിക്കറ്റുകൾ വീതം വീഴ്ത്തി ജസ്പ്രിത് ബുംറ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യൻ നിരയിൽ തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ മികച്ച ലീഡ് സ്വന്തമാക്കിയിരുന്നതിനാൽ 70 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ജയിക്കാൻ വേണ്ടിയിരുന്നത്.
വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 19 റൺസെത്തിയപ്പോളേക്കും മയങ്ക് അഗർവാൾ (5 റൺസ്), ചേതേശ്വർ പുജാര (3 റൺസ്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് ശുഭ്മാൻ ഗില്ലും, അജിങ്ക്യ രഹാനെയും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഗിൽ 7 ബൗണ്ടറികളടക്കം 35 റൺസോടെയും, അജിങ്ക്യ രഹാനെ 3 ബൗണ്ടറികളടക്കം നേടിയ 27 റൺസോടെയും മത്സരത്തിൽ പുറത്താകാതെ നിന്നു. മത്സരത്തിന്റെ രണ്ടിന്നിംഗ്സിലും തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയാണ് കളിയിലെ കേമൻ. ജനുവരി 7 ന് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കും.