SHARE

നാഗ്പൂരില്‍ നടന്ന മൂന്നാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യക്കു വിജയം. 30 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1 നു ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശായിരുന്നു വിജയിച്ചത്. രണ്ടാം മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ദീപക് ചാഹറിന്റെ വിസ്മയിപ്പിക്കുന്ന ബൗളിംഗ് പ്രകടനമാണ് മൂന്നാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്കു വിജയ വിരുന്നൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്‍സിന് എല്ലാവരും പുറത്തായി. ഹാട്രിക് ഉള്‍പെടെ ചാഹര്‍ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ചാഹര്‍ വഴങ്ങിയത്.

ബാറ്റിംഗില്‍ ശ്രേയസ് അയ്യര്‍(62), കെ.എല്‍ രാഹുല്‍(52) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യക്കു തുണയായി. രോഹിത് ശര്‍മ്മ(2) ഋഷഭ് പന്ത്(6) ശിഖര്‍ ധവാന്‍(19), മനീഷ് പാണ്ഡെ(22), ശിവം ദുബെ(9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ബംഗ്ലാദേശിനു വേണ്ടി ഷെയ്ഫുള്‍ ഇസ്ലാം, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ രണ്ടു വീതവും അല്‍ അമീന്‍ ഹൊസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ്‌ നിരയില്‍ 48 പന്തില്‍ നിന്നും 81 റണ്‍സെടുത്ത മുഹമ്മദ് നയീം മികച്ച പ്രകടനം കാഴ്ചവച്ചു. നയീമിനെ കൂടാതെ മൊഹമ്മദ് മിഥുന്(27) മാത്രമാണ് രണ്ടക്കം കാണാനായത്. ചാഹറിനു പുറമെ ശിവം ദുബെ മൂന്നും യുസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി. ചാഹറാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിയസും.