SHARE

ലോകകപ്പിന് മുൻപുള്ള തങ്ങളുടെ അവസാന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 95 റൺസിന് തകർത്ത് ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 359/7 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ബംഗ്ലാദേശിന്റെ മറുപടി 264 റൺസിലൊതുങ്ങി. സെഞ്ചുറി നേടിയ ധോണിയും, രാഹുലുമാണ് ഇന്ത്യൻ ബാറ്റിംഗിൽ താരങ്ങളായത്‌.

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണർമാരായ ധവാനും (1 റൺസ്), രോഹിത് ശർമ്മയും (19 റൺസ്) വീണ്ടും നിരാശപ്പെടുത്തി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് തുടങ്ങിയ കോഹ്ലി 47 റൺസെത്തി നിൽക്കെ പുറത്തായി. ഒരു ഘട്ടത്തിൽ 22 ഓവറിൽ 102/4 എന്ന സ്കോറിലേക്ക് വീണ ഇന്ത്യയെ രാഹുലും, ധോണിയും ചേർന്ന് കൈ പിടിച്ചുയർത്തുകയായിരുന്നു‌. രാഹുൽ 99 പന്തിൽ 12 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 108 റൺസ് നേടിയപ്പോൾ, ധോണി വെറും 78 പന്തിൽ നിന്ന് 8 ബൗണ്ടറികളും, 7 സിക്സറുകളുമടക്കമാണ് 113 റൺസെടുത്തത്. ഇരുവരുടേയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് 359/7 എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.

കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് വേണ്ടി 90 റൺസെടുത്ത മുഷ്ഫിഖുർ റഹീമും, 73 റൺസ് നേടിയ ഓപ്പണർ ലിട്ടൺ ദാസും മാത്രമാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർ ആഞ്ഞടിച്ചതോടെ ബംഗ്ലാ നിര 264 റൺസിൽ പുറത്താവുകയായിരുന്നു.