SHARE

നിറഞ്ഞു തുളുമ്പിയ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ സുവര്‍ണചരിതം രചിച്ച് സുനില്‍ ഛേത്രി. ത്രിവര്‍ണ ജേഴ്‌സിയില്‍ തന്റെ നൂറാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ നായകന്‍ രണ്ടുഗോളുമായി തിളങ്ങിയപ്പോള്‍ കെനിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 3-0ത്തിന്റെ മിന്നും ജയം. കളിയുടെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. ജെജെയാണ് മറ്റൊരു ഗോള്‍ വലയിലാക്കിയത്.

പ്രിയതാരം സുനില്‍ ഛേത്രിയുടെ നൂറാം മത്സരം ആഘോഷിക്കാമാക്കാന്‍ നിറഞ്ഞു കവിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കിയാണ് കെനിയയ്‌ക്കെതിരായ മത്സരം തുടങ്ങിയത്. ന്യൂസിലന്‍ഡിനെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കെനിയ. തുടക്കത്തിലെ ചില അര്‍ധാവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായില്ല. ഇരുപത്തിരണ്ടാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാല്‍ നൂറാമന്‍ ഛേത്രിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.

ഗോള്‍ വഴങ്ങാതിരിക്കുകയെന്ന തന്ത്രം കെനിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഗോള്‍രഹിതമായി ആദ്യ പകുതി വലകുലുങ്ങാതെ കടന്നുപോയി. രണ്ടാംപകുതിയില്‍ ഇരുടീമുകളും കൂടുതല്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ കാത്തിരുന്ന നിമിഷം അറുപത്തെട്ടാം മിനിറ്റില്‍ വന്നെത്തി. അതും സുനില്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്ന്. സ്‌ട്രൈക്കറെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി വലയിലെത്തിക്കുകയായിരുന്നു.

നൂറാം മത്സരത്തില്‍ തന്റെ ആറുപതാം ഗോള്‍ സ്വന്തമാക്കിയ നിമിഷം ഗ്യാലറികളില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു പൊങ്ങി. ഒരു ഗോളിന് പിന്നിലായതോടെ ആഫ്രിക്കന്‍ ടീം തളര്‍ന്നു. കിട്ടിയ അവസരം മുതലാക്കിയ ജെജെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഏഴുപത്തിയൊന്നാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇഞ്ചുറി ടൈമില്‍ ഛേത്രി വീണ്ടും വലകുലുക്കിയതോടെ കെനിയന്‍ പതനം പൂര്‍ണം.