SHARE

ന്യൂസിലൻഡിനെിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ​ഗംഭീര ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും കെ.എൽ.രാഹുലുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്.

വൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കം മോശമായിരുന്നു.സ്കോർ വെറും 16-ൽ എത്തിയപ്പോൾ ഏഴ് റൺസെടുത്ത രോഹിത് ശർമ പുറത്തായി. എന്നാൽ പിന്നീട് രാഹുലിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി ചേർന്നതോടെ അതിവേ​ഗം സ്കോർ ഉയർന്നു. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 99 റൺസാണ് ചേർത്തത്. തുടർന്ന് രാഹുൽ പുറത്തായി. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 56 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റ് ഇഷ് സോധിക്കായിരുന്നു. വൈകാതെ തന്നെ 45 റൺസ് നേടിയ കോഹ്ലിയും പുറത്തായി.

-Advertisement-

സ്കോർ 142-ൽ എത്തിയപ്പോൾ 13 റൺസെടുത്ത ശിവം ദുബെയും പുറത്തായി. ഇതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ചേർന്ന് കളി ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു. പാണ്ഡെയ്ക്ക് ഒരുവശത്ത് നിന്നുകൊടുക്കേണ്ട കാര്യമേയുണ്ടായിരുന്നുള്ളു.

29 പന്തുകളിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസാണ് ശ്രേയസ് നേടിയത്. അവസാന പന്തിൽ ടിം സൗത്തിയെ സിക്സിന് പറത്തിയാണ് ശ്രേയസ് മത്സരം ഫിനിഷ് ചെയ്തത്.