SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. നിശ്ചിത 20 ഓവറുകളിൽ ഇരു ടീമുകളും തുല്യ സ്കോർ നേടിയ മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 17 റൺസ് നേടിയപ്പോൾ, ഓവറിലെ അവസാന രണ്ട് പന്തുകൾസിക്സറിന് പറത്തി രോഹിത് ശർമ്മ ഇന്ത്യയ്ക്ക് ആവേശ ജയംസമ്മാനിക്കുകയായിരുന്നു. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 179/5 എന്ന സ്കോർ നേടിയപ്പോൾ, 95 റൺസെടുത്ത നായകൻ കെയിൻ വില്ല്യംസണിന്റെ മികവിൽ തിരിച്ചടിച്ച ന്യൂസിലൻഡും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. ഈ വിജയത്തോടെ രണ്ട് മത്സരം ബാക്കി നിൽക്കേ അഞ്ച് മത്സര ടി20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി (3-0).

ടോസ് നഷ്ടമായാണ് ബാറ്റിങ്ങിനിറങ്ങിയതെങ്കിലും ഇന്ത്യയുടെ തുടക്കം ​ഗംഭീരമായിരുന്നു. രോഹിതും രാഹുലും ചേർന്ന് ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 89 റൺസാണ് അടിച്ചുകൂട്ടിയത്. തുടർന്നാണ് 27 റൺസെടുത്ത രാഹുൽ പുറത്തായത്. വൈകാതെ രോഹിതും വീണു. 40 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 65 റൺസായിരുന്നു രോഹിത് നേടിയത്. പിന്നാലെ അപ്രതീക്ഷിതമായി ബാറ്റിങ്ങ് ഓർഡറിൽ മൂന്നാം സ്ഥാനത്തേക്ക് കയറ്റം കിട്ടിയ ശിവം ദുബെ എത്തിയെങ്കിലും വെറും ഏഴ് റൺസ് മാത്രമെ നേടാനായുള്ളു.

ഇതോടെ ഒരുഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിൽ ഇന്ത്യ പതറി. എന്നാൽ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ ഉയർത്തി. കഴിഞ്ഞ മത്സരത്തിലേതുപോലെ തിളങ്ങാൻ ശ്രേയസിന് ആയില്ല. 16 പന്തുകളിൽ നിന്ന് 17 റൺസ് നേടിയ ശ്രേയസ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 142. ക്യാപ്റ്റൻ കോഹ്ലി 38 റൺസെടുത്ത് പുറത്തായി. അവാസന ഓവറിൽ മനീഷ് പാണ്ഡെയും രവീന്ദ്ര ജഡേജയും ചേർന്ന് 18 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ഇന്ത്യൻ സ്കോർ 180-ന് അടുത്തെത്തിയത്. കിവീസിനായി ഹാമിഷ് ബെന്നെറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

180 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് വേണ്ടി ഓപ്പണർ മാർട്ടിൻ ഗപ്തിൽ 21 പന്തിൽ 31 റൺസെടുത്ത് മികച്ച തുടക്കം നൽകി. എന്നാൽ ടീം സ്കോർ 47 ൽ നിൽക്കേ ഗപ്തിലിന്റേയും, 52 ൽ എത്തിയപ്പോൾ 14 റൺസ് നേടിയ മൺ റോയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. തുടർന്നായിരുന്നു നായകൻ കെയിൻ വില്ല്യംസണിന്റെ ഒറ്റയാൾപ്പോരാട്ടം. സഹ താരങ്ങളെ കാഴ്ചക്കാരാക്കി നിർത്തിക്കൊണ്ട് വില്ല്യംസൺ അഴിഞ്ഞാടിയതോടെ ഇന്ത്യൻ ബോളർമാർ വിയർത്തു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി താരം മുന്നേറിയതോടെ ടീം വിജയത്തിലേക്ക് കൂടുതൽ അടുത്തു‌‌.

അവസാന 2 ഓവറിൽ 20 റൺസായിരുന്നു കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ബും റയെറിഞ്ഞ പത്തൊൻപതാം ഓവറിൽ 11 റൺസ് നേടിയ കിവീസ് അവസാന ഓവറിലെ ലക്ഷ്യം 9 റൺസാക്കി മാറ്റി. ഷമിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തിയ ടെയ്ലർ ന്യൂസിലൻഡിനെ വിജയത്തിലേക്കടുപ്പിച്ചെങ്കിലും. പിന്നീട് ശക്തമായി തിരിച്ചുവന്ന ഷാമി ബാക്കിയുള്ള 4 പ‌ന്തുകളിൽ 2 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ഇതിനിടെ 48 പന്തിൽ 8 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 95 റൺസ് നേടിയ വില്ല്യംസൺ പുറത്തായി. അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ടിയിരിക്കേ ടെയ്ലറെ പുറത്താക്കി ഷാമി മത്സരം ടൈയിലെത്തിച്ചു. തുടർന്ന് സൂപ്പർ ഓവർ.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ബുംറയ്ക്കെതിരെ നേടിയത് 17 റൺസ്. 18 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനെത്തിയത് രോഹിതും, രാഹുലും. സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തുകൾ സൗത്തിയെ സിക്സറിന് പറത്തിയ രോഹിത് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു. ഒപ്പം പരമ്പരയും.