SHARE

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ന് ഇൻഡോറിൽ നടന്ന മൂന്നാം മത്സരത്തിൽ 90 റൺസിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പരയിൽ സമ്പൂർണ വിജയം നേടിയത്. സ്കോർ: ഇന്ത്യ-385/9, ന്യൂസിലൻഡ്-295/10. ജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി.

ഇന്ത്യയുർത്തിയ 386 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ഇന്നിം​ഗ്സിലെ രണ്ടാം പന്തിൽ തന്നെ ഫിൻ അലനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഡെവോൺ കോൺവെയും ഹെന്റി നിക്കോൾസും ചേർന്നെടുത്ത 106 റൺസിന്റെ കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നൽകി. 42 റൺസെടുത്ത നിക്കോൾസ് പുറത്തായശേഷം തുടർന്ന് വന്ന താരങ്ങളെ വച്ച് ഒരു പോരാട്ടമാണ് കോൺവെ നടത്തിയത്. ഇതിനിടെ കോൺവെ സെഞ്ച്വറിയും നേടി.

സ്കോർ 230-ൽ നിൽക്കെ 138 റൺസ് നേടിയ കോൺവെ വീണതോടെ കിവീസിന്റെ എല്ലാ പ്രതീഷയും അവസാനിച്ചു. തുടർന്ന് 26 റൺസെടുത്ത മൈക്കിൾ ബ്രെയിസ്വെല്ലും 34 റൺസെടുത്ത മിച്ചൽ സാന്റനറും ചേർന്നാണ് കിവീസ് സ്കോർ 300-ന് അടുത്തെത്തിച്ചത്. ഇന്ത്യക്കായി ഷർദുൽ ഠാക്കൂറും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.