ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയും ഇന്നലെ ഇന്ത്യ സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാ മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് പരമ്പര ഇന്ത്യ സ്വന്തം പേരിലാക്കിയത്. ആദ്യ മത്സരം തോറ്റശേഷം പിന്നീട് രണ്ട് വിജയം നേടിയാണ് ഇന്ത്യ കിവീസിനെ മലർത്തിയടിച്ചത്.
അഹമ്മദാബാദിൽ നടന്ന അവസാനമത്സരത്തിലെ വിജയത്തോടെ ഒരുപിടി റെക്കോർഡുകളും ഇന്ത്യ സ്വന്തമാക്കി. ഇതിൽ പ്രധാനം രണ്ട് ടെസ്റ്റ് രാജ്യങ്ങൾ തമ്മിലുള്ള ടി20 മത്സരത്തിലെ ഏറ്റവും വലിയ വിജയമെന്നതാണ്. ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരായ ഏറ്റവും വലിയ വിജയമാർജിനും കൂടിയാണിത്. ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കൂടിയായിരുന്നു ഈ മത്സരത്തിലേത്.
ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 63 പന്തിൽ നിന്ന് 12 ഫോറും ഏഴ് സിക്സുമടക്കം 126 റൺസ് നേടിയ പുറത്താകാതെ നിന്ന ഗില്ലാണ് ഇന്ത്യക്ക് 234 എന്ന കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച വ്യക്തിഗത സ്കോർ എന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ഇന്നിംഗ്സ് 66-ൽ അവസാനിച്ചു.