SHARE

കാര്യവട്ടത്ത് തടിച്ചുകൂടിയ കാണികൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നുന്ന ജയം നേടി ഇന്ത്യ. എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആദ്യ ടി20യിൽ സ്വന്തമാക്കിയത്. കെഎൽ രാഹുലിന്റേയും സൂര്യകുമാർ യാദവിന്റേയും അർധസെഞ്ച്വറികളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സ്കോർ: ദക്ഷിണാഫ്രിക്ക-106/9, ഇന്ത്യ-110/2

ദക്ഷിണാഫ്രിക്കയുയർത്തിയ 107 എന്ന് ചെറിയ വിജയലക്ഷ്യമാണ് പിന്തുടർന്നതെങ്കിലും ഇന്ത്യക്കും തുടക്കത്തിൽ തിരിച്ചടി നേരിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിനും വിരാട് കോഹ്ലി മൂന്ന് റൺസ് മാത്രമെടുത്തും പുറത്തായതോടെ ഇന്ത്യ പതറി. എന്നാൽ രാഹുലിന് കൂട്ടായി സൂര്യകുമാർ എത്തിയതോടെ കളിയുടെ ​ഗതിമാറി.

ആരാധകരുടെ ക്ഷമനശിപ്പിക്കുന്ന തരത്തിൽ രാഹുൽ മുട്ടിക്കളിച്ചപ്പോൾ പതിവ് ശൈലിയിൽ തകർത്തടിക്കുകയായിരുന്നു സൂര്യകുമാർ. 33 പന്തിൽ നിന്ന് അഞ്ച് പോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ സൂര്യകുമാർ 50 റൺസുമായി പുറത്താകാതെ നിന്നു. 56 പന്തിൽ നിന്ന് രണ്ട് ഫോറും നാല് സിക്സുടക്കം 51 റൺസ് നേടിയ രാഹുലിന്റെ വകയായിരുന്നു വിജയറൺ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിത 93 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.