SHARE

വിശാഖപട്ടണത്ത് ശ്രീലങ്കയുയമായി നടക്കുന്ന മൂന്നാം ഏകദിനമത്സരത്തില്‍ എട്ടുവിക്കറ്റിന്റെ മിന്നുന്ന വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യ മൂന്നുമത്സര ഏകദിന പരമ്പര 2 – 1ന് സ്വന്തമാക്കി. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യറിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ആതിഥേയരെ അനായാസം ജയത്തിലേക്ക് നയിച്ചത്.

84 പന്തില്‍ നിന്ന് 13 ബൗണ്ടറികളും രണ്ട് സിക്‌സറുകളും നേടിയാണ് ധവാന്‍ തന്റെ 12ാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. ഏഴു റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യുവതാരം ശ്രേയസ്സ് അയ്യരും ധവാനും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 149ല്‍ നില്‍ക്കേ 65 റണ്‍സെടുത്ത അയ്യര്‍ പുറത്തായെങ്കിലും പകരം ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്കുമായി ഈ ഡെല്‍ഹി താരം ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരോന്ന് വീതം ജയിച്ച ഇരുടീമുകളും വിശാഖപട്ടണത്ത് കളിക്കാനിറങ്ങുമ്പോള്‍ ഒരു ഫൈനലിന്റെ പ്രതീതിയായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. എന്നാല്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ ടീം 215ന് എല്ലാവരും പുറത്താവുകയായിരുന്നു. അവസാനം താരതമ്യേനെ എളുപ്പമായിരുന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം എത്തിപ്പിടിക്കുകയും ചെയ്തു.