SHARE

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസിന്റെ കൂറ്റൻ ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 387/5 എന്ന പടുകൂറ്റൻ സ്കോർ നേടിയപ്പോൾ, വിൻഡീസിന്റെ മറുപടി 280 റൺസിൽ ഒതുങ്ങി. ഒരു ഘട്ടത്തിൽ മികച്ച രീതിയിൽ തിരിച്ചടിച്ച വിൻഡീസ് ഇന്ത്യയ്ക്ക് വൻ ഭീഷണിയാകും എന്ന് തോന്നിപ്പിച്ചതിന് ശേഷമാണ് തകർന്നടിഞ്ഞത്. കുൽദീപ് യാദവിന്റെ ഹാട്രിക്കായിരുന്നു ഇന്ത്യൻ ബോളിംഗിലെ പ്രത്യേകത.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടേയും, ലോകേഷ് രാഹുലിന്റേയും സെഞ്ചുറികളുടെ കരുത്തിലാണ് 387/5 എന്ന ഹിമാലയൻ ടോട്ടൽ നേടിയത്. രോഹിത് 159 റൺസ് നേടിയപ്പോൾ, രാഹുൽ 102 റൺസെടുത്തു. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന വിൻഡീസ് ഒരു ഘട്ടത്തിൽ 192/3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു.

78 റൺസ് നേടിയ ഷായ് ഹോപ്പും, 75 റൺസ് നേടിയ പുറാനുമാണ് വിൻഡീസിനായി തിളങ്ങിയത്. വിൻഡീസ് ഇന്നിംഗ്സിന്റെ മുപ്പത്തി മൂന്നാം ഓവറിൽ കുൽദീപ് യാദവ് നേടിയ ഹാട്രിക്കായിരുന്നു ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. മുപ്പത്തി മൂന്നാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ യഥാക്രമം ഷായ് ഹോപ്പ്, ജേസൺ ഹോൾഡർ, അൾസാരി ജോസഫ് എന്നിവരെ പുറത്താക്കിയാണ് കുൽദീപ് ഹാട്രിക് തികച്ചത്. ഏകദിനത്തിൽ കുൽദീപിന്റെ രണ്ടാം ഹാട്രിക്ക് കൂടിയാണിത്.