SHARE

വെസ്റ്റ് ഇന്‍ഡീസ് പേസാക്രമണത്തില്‍ പകച്ചെങ്കിലും ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് വിജയം. ദിനേഷ് കാര്‍ത്തിക്ക (31) കപ്പിത്താനായപ്പോള്‍ അഞ്ചുവിക്കറ്റിനാണ് ജയിച്ചു കയറിയത്. വിന്‍ഡീസിന് 20 ഓവറില്‍ എട്ടുവിക്കറ്റിന് വെറും 109 റണ്‍സ് മാത്രമാണ് നേടാനായത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6) ശിഖര്‍ ധവാനും (3) പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ വെറും 16 റണ്‍സ്. പിന്നാലെയെത്തിയ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെ മോശം ഫോം തുടര്‍ന്നു. 22 പന്തില്‍ 16 റണ്‍സെടുത്ത രാഹുലിനെ കാര്‍ലോസ് ബ്രെത്‌വെയ്റ്റ് വീഴ്ത്തി. 35 റണ്‍സായിരുന്നു സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍. എന്നാല്‍ കാര്‍ത്തിക് അക്ഷോഭ്യനായി നിന്നതോടെ ഇന്ത്യ ജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം മുതല്‍ തന്നെ പണി കിട്ടി. സ്‌കോര്‍ 16ല്‍ നില്‍ക്കെ ഓപ്പണര്‍ ഡിനേഷ് രാംദിനെ ഉമേഷ് യാദവ് മടക്കി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് നിരയുടെ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. മൂന്ന് വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവാണ് വിന്‍ഡീസിന് കനത്ത പ്രഹരമേല്‍പ്പിച്ചത്.

അവസാന ഓവറുകളില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഫാബിയന്‍ അലനാണ് വിന്‍ഡീസ് സ്‌കോര്‍ ഇത്രയെങ്കിലും എത്തിച്ചത്. 27 റണ്‍സെടുത്ത അലന്‍ തന്നെയാണ് അവരുടെ ടോപ്‌സ്‌കോററും. 14 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് അരങ്ങേറ്റമത്സരം കുറിച്ച ക്രുണാള്‍ പാണ്ഡ്യക്ക് ലഭിച്ചു.