SHARE

ലോകഫുട്ബോളിലെ കരുത്തരായ ടീമുകളിലൊന്ന് റഷ്യ. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യ, ഫിഫയുടെ വിലക്ക് നേരിടുകയാണ്. ഇതോടെ പ്ലേ ഓഫ് വരെയെത്തിയെങ്കിലും, റഷ്യയെ അയോ​ഗ്യരാക്കി. ഈ സാഹചര്യത്തിൽ റഷ്യയെ പ്ലേ ഓഫിൽ നേരിടേണ്ടിയിരുന്ന പോളണ്ടിന് വാക്കോവറും ലഭിച്ചു.

നിലവിൽ ദേശീയ ടീമിന്റെ ഫുട്ബോൾ മത്സരങ്ങളെല്ലാം റദ്ദാക്കിയ അവസ്ഥയിലാണ്. എന്നാൽ വിലക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു സൗഹൃദമത്സരം കളിക്കാൻ റഷ്യ തയ്യാറാകുമെന്നാണ് സൂചന. റഷ്യയുടെ കായിക മന്ത്രി ഒളെ​ഗ് മാറ്റിറ്റ്സിൻ ഇപ്പോൾ ഇന്ത്യയിലുണ്ട്. അദ്ദേഹം ഇന്ത്യയുെ റഷ്യയും തമ്മിലുള്ള സൗഹൃദമത്സരത്തിന് താൽപര്യം പ്രകടിപ്പിച്ചതായി റഷ്യൻ മാധ്യമങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യക്ക് താൽപര്യമുണ്ടെങ്കിൽ മത്സരം നടത്താൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്.

ലോകറാങ്കിങ്ങിൽ 35-ാം സ്ഥാനത്തുള്ള ടീമാണ് റഷ്യ. കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ നടന്ന ഫിഫ ലോകകപ്പിൽ ക്വാർട്ടർ വരെ റഷ്യ മുന്നേറിയിരുന്നു. എന്നാൽ കഴിഞ്ഞ യൂറോ കപ്പിൽ റഷ്യ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.