SHARE

വെസ്റ്റിന്‍ഡീസിനെതിരെ ഒക്ടോബറില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് മത്സരം കളിക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. മറ്റു ടീമുകൾ പിങ്ക് ബോളിൽ പകൽ രാത്രി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യ മടി കാണിക്കുന്നത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. നേരത്തെ ഓസ്‌ട്രേലിയയും ഇന്ത്യയുമായി ഡേ-നൈറ്റ് മത്സരം കളിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്‌ട്രേലിയയില്‍ നടത്തുന്ന പര്യടനത്തിനിടയില്‍ ഒരു ടെസ്റ്റ് പിങ്ക് ബോളില്‍ നടത്താനാണ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അഡലെയ്ഡില്‍ വെച്ച് മത്സരം നടത്താനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ വിന്‍ഡീസിനെതിരെ നടക്കുന്ന മത്സരത്തിന്റെ കാര്യത്തില്‍ നിരവധി സംശയങ്ങള്‍ വന്നിരുന്നു. ഓസ്‌ട്രേലിയയിലെ ടെസ്റ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ മത്സരങ്ങളുടെ സമയക്രമം പുറത്തുവിടാനോ വേദികള്‍ തീരുമാനിക്കാനോ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല.

അതാത് ക്രിക്കറ്റ് ബോര്‍ഡുകളുമായി വരും നാളത്തെ പരമ്പരകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഇതിന് വേണ്ടി നിരവധി ആളുകളുടെ ഉപദേശം തേടാനുണ്ടെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ താല്‍പ്പര്യത്തിനോട് ബി സി സി ഐയും സമ്മതം മൂളുകയാണെങ്കില്‍ ഈ വര്‍ഷം ഇന്ത്യ രണ്ടു ടെസ്റ്റ് ഡേ-നൈറ്റ് മത്സരങ്ങള്‍ കളിക്കാനുള്ള സാധ്യത ഏറെയാണ്. ഒന്ന് ഇന്ത്യയിലും, ഒന്ന് ഓസ്ട്രേലിയയിലും. നടക്കുമെന്ന പ്രതീക്ഷ തന്നെയാണ് ആരാധകർ വെച്ചു പുലർത്തുന്നത്.